1960 കളില്‍ ദാരിദ്ര്യാവസ്ഥയില്‍ ഒരുപോലെയായിരുന്നു കേരളവും ബീഹാറുമെങ്കില്‍ ഇന്ന് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേരളം ബഹുദൂരം മുന്നേറി എന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയതും മന്ത്രി ഓര്‍മിപ്പിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും എന്നാണ് വിലയിരുത്തല്‍. ഈ വെല്ലുവിളി നേരിടാനാണ് സംസ്ഥാനം അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ നേരത്തെ തീരുമാനിച്ചത്. അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷനെന്നും കേരളീയം സെമിനാറുകള്‍ അവലോകനം ചെയ്തു കനകക്കുന്നു പാലസ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പ്രശംസിച്ചത് മന്ത്രി അനുസ്മരിച്ചു. 1960 കളില്‍ ദാരിദ്ര്യാവസ്ഥയില്‍ ഒരുപോലെയായിരുന്നു കേരളവും ബീഹാറുമെങ്കില്‍ ഇന്ന് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേരളം ബഹുദൂരം മുന്നേറി എന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയതും മന്ത്രി ഓര്‍മിപ്പിച്ചു. ഡാറ്റ പ്രാദേശിക വികസനത്തിനും വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും ഉപയോഗിക്കല്‍, ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങല്‍ തുടങ്ങിയ നിര്‍ദേശങ്ങളും സെമിനാറില്‍ ഉയര്‍ന്നു. നാലുവിദേശ രാജ്യങ്ങളിലെ ഗവേഷകരെ കൂടാതെ 275 അന്യസംസ്ഥാന പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.

Read also:  കേരളത്തെ പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍; 'ഈ മേഖലയില്‍ കൈവരിച്ചത് വലിയ പുരോഗതി, ഒന്നാം സ്ഥാനത്ത്'

മികച്ച രീതിയില്‍ ലക്ഷ്യത്തിലേക്കു മുന്നേറുന്ന സംസ്ഥാനത്തെ കുടിവെള്ള വിതരണ പദ്ധതികള്‍ ജലവിഭവം സംബന്ധിച്ച സെമിനാറില്‍ പ്രശംസ പിടിച്ചുപറ്റിയതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലവിനിയോഗത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ച എന്നിവയും വേദിയില്‍ ഉയര്‍ന്നു. കേരളം പിന്തുടരുന്ന സുസ്ഥിര, ഉത്തരവാദിത്ത, പരിസ്ഥിതി സൗഹൃദ ടൂറിസം മാതൃകക്ക് ടൂറിസം സെമിനാറില്‍ മികച്ച പിന്തുണ ലഭിച്ചതായി പൊതുമരാമത്തു-ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം കേരളം, ടൂറിസം മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കുന്ന വിവരം സെമിനാര്‍ വേദിയില്‍ പ്രഖ്യാപിച്ചു.

ഭിന്നശേഷി വിഭാഗം, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമം കൂടി മുന്‍നിര്‍ത്തി സന്തോഷ സൂചിക വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ: ആര്‍. ബിന്ദു പറഞ്ഞു. വയോജനങ്ങളില്‍ 75 ശതമാനം പേര്‍ക്കും ഏതെങ്കിലും പെന്‍ഷന്‍ കിട്ടുന്ന ഏക സംസ്ഥാനം എന്ന നിലയില്‍ ആര്‍.ബി.ഐ അഭിനന്ദിച്ച കാര്യം സെമിനാര്‍ വേദിയില്‍ ഉയര്‍ന്നു. മുതിര്‍ന്ന പൗരന്‍മാരുടെ കഴിവുകള്‍ സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ സ്‌കില്‍ ബാങ്ക് രൂപീകരിക്കല്‍, വയോജന കമ്മിഷന്‍ രൂപീകരിക്കല്‍, വയോജന സര്‍വ്വേ എന്നിവയും ഏറ്റെടുത്തു നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അനേകം വര്‍ഷങ്ങള്‍ പ്രവാസജീവിതം നയിച്ചു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് അനുയോജ്യമായ പുനരധിവാസ പാക്കേജ് വേണമെന്ന നിര്‍ദേശം പ്രവാസികളെക്കുറിച്ചുള്ള സെമിനാറില്‍ ഉയര്‍ന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ കെ. രവിരാമന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി. വി സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...