Asianet News MalayalamAsianet News Malayalam

രണ്ടല്ല, മൂന്ന് ഒന്നുകള്‍ ചേര്‍ന്ന് 'ഇമ്മിണി ബല്യ' ഒന്നാകാന്‍ കേരളത്തിലെ ടെക് കമ്പനികൾ

പതിവ് ശീലങ്ങളെ മാറ്റിവച്ച്, സ്വയം ശക്തരാകാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളത്തിലെ ഈ കുഞ്ഞന്‍ കമ്പനികള്‍. 

Kochi based technology service houses have to merger
Author
Trivandrum, First Published Apr 23, 2022, 1:10 PM IST

പ്രാദേശികമായി വളര്‍ന്നുവന്ന് വിജയിച്ച് ടെക് കമ്പനികളെ പലപ്പോഴും വിദേശ കമ്പനികള്‍ ഏറ്റെടുക്കുകയാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ നിന്നും ഉയര്‍ന്നുവന്ന മൂന്ന് ടെക് കമ്പനികള്‍ നാളെ 'വലിയൊരു ആകാശം സ്വപ്നം' കണ്ട് ഒന്നായി തീരുകയാണ്. കൊച്ചി ആസ്ഥാനമായുള്ള മൂന്ന് ടെക്‌നോളജി സേവന സ്ഥാപനങ്ങളായ സിനർജിയ മീഡിയ ലാബ്‌സ് (Sinergia Media Labs (Simelabs), ഗുഡ്‌ബിറ്റ്‌സ് (Goodbits), ലോജിറ്റിക്‌സ് (Logiticks) എന്നിവയാണ് ഒരു കുടകീഴിലേക്ക് ചുവടുമാറുന്നത്. പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സർവീസ് കമ്പനികളിൽ അപൂര്‍വ്വമായി മാത്രമാണ് വന്‍ വിജയം നേടി, കമ്പനികള്‍ കരുത്ത കാണിക്കാറുള്ളത്. മറ്റുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ അമ്പതിനും നൂറിനുമിടയില്‍ ജീവനക്കാരുള്ള ചെറിയ കമ്പനികളായി തുടരുന്നു. അതുമല്ലെങ്കില്‍ ഇന്ത്യയിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്രാ സോഫ്റ്റ് വെയർ  കമ്പനികളില്‍ നിന്ന്  മൂലധനം സ്വീകരിക്കുന്നു. എന്നാല്‍ ഈ പതിവ് ശീലങ്ങളെ മാറ്റിവച്ച്, സ്വയം ശക്തരാകാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളത്തിലെ ഈ കുഞ്ഞന്‍ കമ്പനികള്‍. 'സൈംലാബ്‌സ്' എന്ന മാതൃകമ്പനിയുടെ കീഴിൽ, മൂന്ന് ബ്രാൻഡുകളായാവും ഇവ ഇനി പ്രവർത്തിക്കുക.

ഇങ്ങനെ ഒരു മാതൃകമ്പനിക്ക് കീഴില്‍ നിന്ന് വ്യത്യസ്ത ബ്രാന്‍ഡുകളായി മാറുന്നതോടെ കൊച്ചി സ്മാർട്ട് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന സൈംലാബ്‌സ് (Synergy Media Labs), ഇൻഫോപാർക്കിലെ ലോജിടിക്സ്, ഗുഡ്ബിറ്റ്‌സ് എന്നീ പ്രോഡക്ട് എൻജിനീയറിങ് സർവീസ് കമ്പനികള്‍ക്ക് അത്യാധുനിക സാങ്കേതിക വൈദഗ്ധ്യം വർധിപ്പിച്ച് ക്ലയന്‍റുകൾക്കായി ഒരു വലിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ സാധിക്കും. ചലച്ചിത്ര താരമായ പ്രകാശ് ബാരെ, ഡെറിക് സെബാസ്റ്റ്യൻ, ടോം ആന്‍റണി എന്നിവർ ചേർന്ന് 2014 ലാണ് സൈംലാബ്‌സ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രമുഖ ഫിനാൻഷ്യൽ അഡ്വൈസറി സ്ഥാപനമായ ഫിൻലീഡിന്‍റെ അനുബന്ധ സ്ഥാപനമാണ് ലോജിറ്റിക്സ്. മലയാളിയായ കണ്ണൻ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ലോജിറ്റിക്സ് സ്ഥാപിച്ചത്. 2016-ൽ അർജുൻ മേനോൻ ആരംഭിച്ച കമ്പനിയാണ് ഗുഡ്ബിറ്റ്സ്. 

പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സർവീസിങ്ങിലെ മൂന്ന് വ്യത്യസ്ത മേഖലകളിലാണ് ഈ മൂന്ന് കമ്പനികളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. മൂന്ന് കമ്പനികളും ഒന്നാകുന്നതോടെ, പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സർവീസിങ്ങ് മേഖലയില്‍ ഒറ്റ കമ്പനിക്ക് കീഴില്‍ വ്യത്യസ്ത ബ്രാന്‍റില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ' മൂന്ന് കമ്പനികളും ഒന്നായി മാറുന്നതോടെ അവരവരുടെ ശക്തിസ്രോതസുകൾ വർധിപ്പിക്കാൻ സാധിക്കു'മെന്ന് സൈംലാബ്‌സ് സിഇഒ ഡെറിക്ക് സെബാസ്റ്റ്യൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മാത്രമല്ല ആഗോള തലത്തിലേക്ക് വളർന്നു വരാനുള്ള ആദ്യ ചവിട്ടപാടിയായിരിക്കും ഈ ലയനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടിസിഎസ് ഇൻഫോസിസ് പോലുള്ള ഭീന്മാർ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അവരുടെ കഴിവുകൾ കണ്ടെത്തി ട്രെയിനിങ് നൽകി ഉയർത്തികൊണ്ടുവരികയും ചെയ്യാറുണ്ട്. മിതമായ മൂലധനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കേരളത്തിലുള്ള കമ്പനികള്‍ക്ക് ഇത് സാധ്യമാകാറില്ല. എന്നാൽ, ഈ ലയനത്തോടുകൂടി ഇത്തരത്തിലുള്ള വലിയ റിക്രൂട്ട്മെന്‍റുകൾ നടത്താനും ട്രെയിനിങ് നൽകാനും തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '

കേരളത്തിൽ തന്നെ നിന്നു കൊണ്ട് വലിയ കമ്പനിയായി മാറാൻ കഴിയുന്നുവെന്നത് വലിയ നേട്ടമാണെന്ന് ലോജിടിക്സിന്‍റെ സി.ഇ.ഒ. കണ്ണൻ സുരേന്ദ്രൻ പറഞ്ഞു. ജീവനക്കാരുടെ എണ്ണം വൻതോതിൽ ഉയർത്താൻ ലയനം വഴിവെയ്ക്കുമെന്ന് ഗുഡ്ബിറ്റ്‌സ് സി.ഇ.ഒ. അർജുൻ മേനോനും അഭിപ്രായപ്പെട്ടു. തൊഴിലാളി സൗഹൃദ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഗുഡ്ബിറ്റ്സ് 98 ശതമാനത്തോടെ "ഗ്രേറ്റ് പ്ലേസ് ടു വർക്ക്" എന്ന സെർറ്റിഫിക്കേഷൻ ലഭിച്ച കമ്പനിയാണ്. ലയനത്തോടെ നിലവിലെ നയങ്ങൾ മാറുകയില്ലെന്നും തൊഴിലാളികൾക്ക് മികച്ച തൊഴിലിടം തന്നെയായിരിക്കും ഗുഡ്ബിറ്റ്സെന്നും അർജുൻ മേനോൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. 

നിലവിൽ ‘ഫോർച്യൂൺ 500’പട്ടികയിലുൾപ്പെടുന്ന പല ആഗോള കമ്പനികളും തങ്ങളുടെ ഉപഭോക്താക്കളാണെന്നും ലയനത്തോടെ ഇത്തരത്തിലുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടുന്നു. ഈ ലയനം, കേരളത്തിലെ മറ്റ് ടെക്‌നോളജി സേവന സ്ഥാപനങ്ങൾക്ക് മാതൃകയും പ്രചോദനവുമായിരിക്കും. ലയിച്ച് ചേരുമ്പോൾ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വർധനവാണ് ഉണ്ടാകുക. നിലവിൽ മൂന്ന് കമ്പനികൾക്കും കൂടി 250 ജീവനക്കാരാണ് ഉള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 500 ആയി ഉയർത്തുമെന്നും അടുത്ത വർഷം ഇത് 1,000 എന്ന രീതിയിലേക്ക് ഉയർത്താൻ സാധിക്കുമെന്നുമാണ് ഈ മലയാളി യുവത്വ നേതൃത്വത്തിന്‍റെ പ്രതീക്ഷകൾ. മാത്രമല്ല ലയിച്ചു കഴിഞ്ഞാൽ ഐപിഒ വഴി ഓഹരികൾ സ്റ്റോക് എക്സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനും ഇവര്‍ ലക്ഷ്യമിടുന്നു. ഇങ്ങനെ വരുമ്പോൾ ആഗോളതലത്തിലേക്ക് കമ്പനി ഉയരുകയും വലിയതോതിൽ മൂലധനം സമാഹരിക്കാൻ സാധിക്കുകയും ചെയ്യുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.  

ലോകത്തെ ടെക്നോളജി മേഖലയിലെ മലയാളി സാന്നിധ്യം ഏറെ വലുതാണ്. ലയനത്തോടെയാണെങ്കിലും കേരളത്തില്‍ നിന്ന് അന്താരാഷ്ട്രാ തലത്തിലേക്ക് ഒരു കമ്പനി ഉയര്‍ന്നുവരുന്നത് 'ഇനിവരുന്നൊരു തലമുറ'യ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കും. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന മേഖലയിൽ സൈംലാബ്സ് , ലോജിറ്റിക്സ്, ഗുഡ്ബിറ്റ്‌സ് എന്നീ കമ്പനികൾ പുതുവഴി വെട്ടി നടന്നു കയറുകയാണ്. വിദേശ മൂലധനത്തെ ആശ്രയിക്കാതെ ഒരുമിച്ച് നിന്നാല്‍ നമ്മുക്കും നാളെയെ സ്വന്തമാക്കാമെന്ന വലിയൊരു സന്ദേശമാണ് ലയനത്തിലൂടെ ഈ കമ്പനികള്‍ സാക്ഷാത്കരിക്കുന്നത്.

Follow Us:
Download App:
  • android
  • ios