അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സമ്പൂർണ സ്മാർട് മീറ്ററെന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി മുന്നോട്ട് പോകുന്നത്

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്‌ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാൻ തീരുമാനം. കേന്ദ്രസർക്കാർ ഊർജ്ജ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും സ്മാർട് മീറ്റർ സംവിധാനം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ സർക്കാർ ഓഫീസുകളിലും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളെയും സ്മാർട്ട് മീറ്ററിലേക്ക് മാറ്റാനാണ് തീരുമാനം.

Read More: പ്രീപെ‌യ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും; എന്താണ് സ്മാർട് മീറ്റർ, എന്തിനാണിത്? അറിയേണ്ടതെല്ലാം

അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സമ്പൂർണ സ്മാർട് മീറ്ററെന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാര്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദശിച്ചത്.

ഈ സംവിധാനം വരുന്നതോടെ ഉപയോഗ ശേഷം പണം നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങിനെ വരുമ്പോൾ മീറ്ററിൽ പണമില്ലെങ്കിൽ വീട്ടിൽ താനേ കറണ്ടില്ലാതാകുന്ന സ്ഥിതി വരും. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി കമ്പനികൾ നഷ്ടക്കണക്കിൽ മുന്നോട്ട് പോകുന്ന നില പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

കേന്ദ്ര നിർദ്ദേശ പ്രകാരം 25 ശതമാനത്തിലധികം വൈദ്യുത പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ 2023 ഡിസംബറിന് മുൻപ് സ്മാർട്ട് മീറ്റർ സ്ഥാപിക്കണം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അനുമതിയുണ്ട്. സ്മാർട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലെയും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാം. അതുകൊണ്ട് തന്നെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സ്മാര്ട് മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതെന്ന വിമര്‍ശനവും ശക്തമാണ്.