Asianet News MalayalamAsianet News Malayalam

നൂറോളം യുവസംരംഭകര്‍ പ്രതിസന്ധിയിൽ; കോഴിക്കോട്ടെ സ്റ്റാര്‍ട്ട്അപ്പ് ഇൻകുബേഷൻ സെന്റര്‍ കെഎസ്ഐഡിസി പൂട്ടും

കെഎസ്ഐഡിസിയുടെ പ്രധാന ബിസിനസ് അല്ലാത്തതിനാലാണ് സൈബര്‍ പാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്‍ററില്‍ നിന്ന് മാറാന്‍ തീരുമാനിച്ചതെന്ന് കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍ പ്രതികരിച്ചു

KSIDC to wind up start up incubation center at calicut
Author
First Published Feb 3, 2024, 8:45 AM IST

കോഴിക്കോട്: യുഎല്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ട് അപ് ഇന്ക്യുബേഷന്‍ സെന്‍റര്‍ അടച്ചുപൂട്ടാന്‍ നീക്കം. ഈ മാസം അവസാനത്തോടെ ഇന്‍ക്യുബേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കാട്ടി കെഎസ്ഐഡിസി സ്റ്റാര്‍ട്ട് അപുകള്‍ക്ക് കത്ത് അയച്ചു. 20 കമ്പനികളിലെ നൂറോളം യുവസംരഭകരാണ് കെഎസ്ഐഡിസിയുടെ കത്ത് കിട്ടിയതോടെ പ്രതിസന്ധിയിലായത്.

ഐടി രംഗത്ത് യുവസംരഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2017ല്‍ കോഴിക്കോട്ടെ യുഎല്‍ സൈബര്‍ പാര്‍ക്കില്‍ കെഎസ്ഐഡിസി തുടക്കമിട്ട സാറ്റാര്‍ട്ട് അപ് ഇന്‍ക്യൂബേഷന്‍ സെന്‍ററാണ് അടച്ചുപൂട്ടുന്നത്. യുഎല്‍ സൈബര്‍ പാര്‍ക്കുമായി കെഎസ്ഐഡിസി ഉണ്ടാക്കിയ കരാര്‍ ഈ മാസം അവസാനിക്കുമെന്നും കരാര്‍ പുതുക്കാന്‍ കെഎസ്ഐഡിസി താല്‍പര്യപ്പെടുന്നില്ലന്നും അതിനാല്‍ മാര്‍ച്ച് ഒന്നോടെ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യൂബേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കത്തിലെ ഉളളടക്കം. സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങാനായി ബംഗളൂരുവില്‍ നിന്നും മറ്റും കോഴിക്കോട്ടേക്ക് പ്രവര്‍ത്തനം മാറ്റിയവരും വനിതാ സംരംഭകരുമെല്ലാം പ്രതിസന്ധിയിലാണ്.

ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുളള യുഎല്‍ സൈബര്‍ പാര്‍ക്കിലെ നാലായിരം ചതുരശ്ര അടി സ്ഥലമാണ് യുവസംരഭകര്‍ക്കായി കെഎസ്ഐഡിസി ഇന്‍ക്യുബേഷന്‍ സെന്‍ററിനായി വാടകയ്ക്കെടുത്തത്. ഒരു സീറ്റിന് 4012 രൂപ വാടകയായിരുന്നു കെഎസ്ഐഡിസി സംരംഭകരില്‍ നിന്ന് വാടക ഈടാക്കിയിരുന്നത്. മികച്ച ഓഫീസ് സൗകര്യവും കോണ്‍ഫറന്‍സ് ഹാളും മറ്റ് അനുബന്ധ സൗകര്യങ്ങളുമെല്ലാം ഈ തുകയ്ക്ക് ലഭ്യമായിരുന്നു. ഇവിടെ ചെറിയ തോതില്‍ തുടങ്ങി ബിസിനസ് അഭിവൃദ്ധിപ്പെടുത്തിയ അനുഭവങ്ങളും നിരവധി. സ്റ്റാര്‍ട്ട് അപ് മിഷനു കീഴില്‍ വിവിധ ജില്ലകളില്‍ ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നതും ഊരാളുങ്കലിന് നല്‍കേണ്ട വാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ സംരംഭകരില്‍ നിന്നുളള വരുമാനം കുറവെന്നതാണ് കെഎസ്ഐഡിസിയെ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 

കെഎസ്ഐഡിസിയുടെ പ്രധാന ബിസിനസ് അല്ലാത്തതിനാലാണ് സൈബര്‍ പാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്‍ററില്‍ നിന്ന് മാറാന്‍ തീരുമാനിച്ചതെന്ന് കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍ പ്രതികരിച്ചു. സൈബര്‍ പാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്‍റര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്റ്റാര്‍ട്ട് അപ് മിഷനുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഇക്കാര്യത്തില്‍ ധാരണയായെങ്കില്‍ മാത്രമേ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കൂ എന്നും എംഡി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios