Asianet News MalayalamAsianet News Malayalam

കെടിഡിഎഫ്സി കടുത്ത പ്രതിസന്ധിയില്‍; നിലനില്‍പ്പ് തന്നെ പ്രശ്നമായേക്കുമെന്ന് മുന്നറിയിപ്പ്

പൊതുജനങ്ങളില്‍ നിന്ന് കെടിഡിഎഫ്സി സ്വീകരിച്ച സ്ഥിര നിക്ഷേപം ഏകദേശം 925 കോടിയോളം വരും. നിലവില്‍ കെടിഡിഎഫ്സിയുടെ കൈവശം 353 കോടി മാത്രമാണുള്ളത്. ഈ ഡിസംബറോടെ കാലാവധി തീരുന്ന സ്ഥിര നിക്ഷേപം മടക്കി നല്‍കാനായി 520 കോടിയോളം വേണം.

KSRTCs main funder KTDFC in Huge crisis
Author
Thiruvananthapuram, First Published Aug 2, 2021, 7:39 AM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രധാന ഫണ്ടിംഗ് ഏജന്‍സിയായിരുന്ന കെടിഡിഎഫ്സി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കെഎസ്ആര്‍ടിസി നല്‍കാമെന്നേറ്റ 356 കോടി രൂപ ഉടന്‍ കിട്ടിയില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ പ്രശനമാകുമെന്ന് സര്‍ക്കാരിനെ അറിയിച്ചു. അതേസമയം കെടുകാര്യസ്ഥതയും പദ്ധതി നടത്തിപ്പിലെ വീഴ്ചയുമാണ് പ്രതിസന്ധിക്ക് വഴിവച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പൊതുജനങ്ങളില്‍ നിന്ന് കെടിഡിഎഫ്സി സ്വീകരിച്ച സ്ഥിര നിക്ഷേപം ഏകദേശം 925 കോടിയോളം വരും. നിലവില്‍ കെടിഡിഎഫ്സിയുടെ കൈവശം 353 കോടി മാത്രമാണുള്ളത്. ഈ ഡിസംബറോടെ കാലാവധി തീരുന്ന സ്ഥിര നിക്ഷേപം മടക്കി നല്‍കാനായി 520 കോടിയോളം വേണം. കെഎസ്ആര്‍ടിസിക്ക് കൊടുത്ത വായ്പയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ 459.57 കോടി രൂപ കുടിശ്ശികയായിട്ടുണ്ടെന്ന് കെടിഡിഎഫ്സി വ്യക്തമാക്കുന്നു. എന്നാല്‍ 356.65 കോടി മാത്രമേ നല്‍കാനുള്ളൂവെന്നാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

തീര്‍ന്നില്ല, കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് കെടിഡിഎഫ്സി ബിഓടി അടിസ്ഥാനത്തില്‍ പണി കഴിപ്പിച്ച ടെര്‍മിനല്‍ കം കോംപ്ളക്സുകള്‍ക്കായി 31.3.2109 ലെ ഓഡിറ്റ് പ്രകാരം 241.20 കോടി ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു ഉഭയകക്ഷി കരാറും നിലവിലില്ല. അങ്കമാലി, കോഴിക്കോട്, തിരുവല്ല, തിരുവനന്തപുരം എന്നിവടങ്ങലിലെ നിര്‍മ്മാണം വര്‍ഷങ്ങളോളം നീണ്ടുപോയതിനാല്‍ എസ്റ്റിമറ്റിനേക്കാള്‍ 47 കോടിയോളം അധികം ചെലവായി. മുടക്കു മുതലും പലിശയും അടക്കം 479 കോടിയോളം കിട്ടിയാല്‍ മാത്രമേ, ഈ കോംപ്ളക്സുകള്‍ കെഎസ്ആര്‍ടിസിക്ക് കൈമാറുകയുള്ളൂവെന്നാണ് കെടിഡിഎഫ്സിയുടെ നിലപാട്. 

ഇതില്‍ കോഴിക്കോട്ട ടെര്‍മിനല്‍ സ്വകാര്യ ഗ്രൂപ്പിന് വിപിണി നിരക്കിലും നന്നേ കുറഞ്ഞ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തിരുമാനിച്ചു. മറ്റിടങ്ങളിലെ ഭൂരിഭാഗം കടകളും വാടകക്ക് പോയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ ചെലവും പലിശയും എന്ന് വീണ്ടെടുക്കാനാകുമെന്നതില്‍ ആര്‍ക്കും ഒരുറപ്പുമില്ല.കുടിശ്ശിക സംബന്ധിച്ച് കെടിഡിഎഫ്സിയും കെഎസ്ആര്‍ടിയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ , കെടിഡിഎഫ്സിയിലെ മാനേജര്‍ക്ക് കെഎസ്ആര്‍ടിസി അക്കൗണ്ട്സിലെ മാനേജരുടെ ചുമതല താത്കാലികമായി നല്‍കുകയും ചെയ്തു

കെടിഡിഎഫ്സി അടച്ചൂപൂട്ടി ജീവനക്കാരെ പുനര്‍ വന്യസിക്കണമെന്ന നിര്‍ദ്ദേശം ഇതിനകം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ കെടിഡിഎഫിസി നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ടിക് വാഹനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനായി 200 കോടി അനുവദിക്കുമെന്നാണ് ഗതഗാതമന്ത്രിയുടെ പ്രഖ്യാപനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios