തിരുവനന്തപുരം:  സംസ്ഥാനത്ത് സഹകരണമേഖലയില്‍ ആഭ്യന്തര വിമാന സര്‍വ്വീസിന് വഴിയൊരുങ്ങുന്നു. തിരുവവന്തപുരത്ത് സഹകരണമേഖലയിലെ ആദ്യ ത്രീസ്റ്റാര്‍ ഹോട്ടലിന്‍റെ ഉദ്ഘാടനവേദിയിലാണ് ഈ ആശയം സജീവമായത്. കണ്ണൂര്‍ ഉള്‍പ്പെട 4 വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്. ബെംഗലുരു അടക്കമുള്ള നഗരങ്ങളെ ഉള്‍പ്പെടുത്തി സഹകരണമേഖലയില്‍ ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. 

200 എ ക്ലാസ്സ് സഹകരണ സംഘങ്ങള്‍ ഒരു കോടി വീതം മുടക്കിയാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കേരള ലാന്‍ഡ് റിഫോംസ് ആന്‍റ് ഡെലവപ്പ്മെന്‍റ് സഹകരണ സംഘമാണ് ലാഡര്‍ എന്ന് ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് സഹകണ നിയമപ്രകാരം രജിസ്ററര്‍ ചെയ്ത സംഘമാണ് ലാഡര്‍. സഹകരണമേഖലക്ക് പുതിയ ഉണര്‍വേകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ദി ടെറസ്സ് എന്ന പേരില്‍ തിരുവനന്തപുരത്ത് ത്രീസ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മിച്ചത്. 

സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ബിസിനസ്സ്, ബജറ്റ് ഹോട്ടലുകള്‍ തുടങ്ങാന്‍ ലാഡറിന് പദ്ധതിയുണ്ട്. കേരളത്തിന്‍റെ വിവധ ഭാഗങ്ങളിലായി പാര്‍പ്പിട സമുച്ചയങ്ങളുടേയും ഷോപ്പിംഗ് മാളുകളുടേയും നിര്‍മ്മാണം പുരോഗമിക്കുകയാണ്.