ഞായറാഴ്ച ന്യൂസിലൻഡിനെ തോല്‍പിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകൻ സൂര്യകുമാർ യാദവും ഐസിസി ചെയർമാനായ ജയ് ഷായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്.
അഹമ്മദാബാദ്: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനും ഐസിസി ചെയർമാൻ ജയ് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ കീർത്തി ആസാദ്. ലോകകപ്പ് ട്രോഫി ഒരു പ്രത്യേക മതത്തിന്‍റെ മാത്രം വിജയമായി ചിത്രീകരിക്കരുതെന്ന് കീര്‍ത്തി ആസാദ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഞായറാഴ്ച ന്യൂസിലൻഡിനെ തോല്‍പിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകൻ സൂര്യകുമാർ യാദവും ബിസിസിഐ മുൻ സെക്രട്ടറിയും നിലവിലെ ഐസിസി ചെയർമാനുമായ ജയ് ഷായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് 1983-ലെ ലോകകപ്പ് ജേതാവായ കീർത്തി ആസാദ് രൂക്ഷ വിമര്‍ശനവുമായി എത്തിയത്.
‘1983-ൽ കപിൽ ദേവിന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ലോകകപ്പ് ജയിച്ചപ്പോൾ ആ ടീമിൽ ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയുമുണ്ടായിരുന്നു. ഞങ്ങൾ ട്രോഫി കൊണ്ടുവന്നത് ഞങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണ്. എന്തിനാണ് ഇന്ത്യ നേടിയ ലോകകപ്പ് ട്രോഫിയെ ഇത്തരത്തിൽ ഒരു മതവിഭാഗത്തിന്‍റേതായി ചുരുക്കുന്നത്. ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, അല്ലാതെ സൂര്യകുമാർ യാദവിന്‍റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല. മുഹമ്മദ് സിറാജ് ഈ ട്രോഫി പള്ളിയിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചിട്ടില്ല, ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജു സാംസൺ ട്രോഫിയുമായി ഒരു ചർച്ചിലും പോയിട്ടില്ല. ഈ ലോകകപ്പ് എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന 140 കോടി ഇന്ത്യക്കാരുടേതാണ്. ഇതൊരു മതത്തിന്‍റെ മാത്രം വിജയമല്ല’-കീര്‍ത്തി ആസാദ് എക്സിൽ കുറിച്ചു.
ലോകകപ്പ് വിജയത്തിന്‍റെ ആവേശത്തിനിടയിൽ ട്രോഫി ക്ഷേത്രത്തിൽ കൊണ്ടുപോയത് ശരിയായ നടപടിയല്ലെന്നും കായിക നേട്ടങ്ങളെ മതപരമായ ചടങ്ങുകളുമായി കൂട്ടിക്കലർത്തുന്നത് ടീമിന്‍റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നും കീര്‍ത്തി ആസാദ് ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തിയതിന്‍റെ ആഘോഷങ്ങൾക്കിടയിൽ ഉയർന്നുവന്ന വിമർശനം ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.