ഇന്ത്യക്കാര്‍ക്ക്, ഈ രാജ്യങ്ങളില്‍ പ്രത്യേകിച്ച് വിരമിച്ചവര്‍ക്കായി പ്രത്യേക താമസ പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

യൂറോപ്പില്‍ ഒരു ജീവിതം എന്ന സ്വപ്നം ഇനി അതിസമ്പന്നര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നല്ല. ഇന്ത്യയില്‍ നിന്നും വിദേശത്ത്, പ്രത്യേകിച്ച് യൂറോപ്പില്‍, താമസമാക്കുവാനും ശാന്തമായ ജീവിതം നയിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്കായി താങ്ങാവുന്ന ചെലവില്‍ താമസിക്കാവുന്ന നിരവധി നഗരങ്ങള്‍ യൂറോപ്പില്‍ ഉണ്ട്. ഫോബ്‌സ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം, പ്രതിമാസം 2,000 ഡോളര്‍ (ഏകദേശം 1.74 ലക്ഷം രൂപ) ബജറ്റില്‍ ഹംഗറി, ഗ്രീസ്, സൈപ്രസ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ സുഖമായി ജീവിക്കാന്‍ സാധിക്കും.

ലണ്ടന്‍, പാരീസ്, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങള്‍ ഇപ്പോഴും സാധാരണക്കാരായ ആളുകള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. എന്നാല്‍, അത്രയധികം പ്രശസ്തമല്ലാത്ത നഗരങ്ങളില്‍ കുറഞ്ഞ വാടക, മികച്ച പൊതുഗതാഗതം, ആരോഗ്യ പരിരക്ഷ, എന്നിവ കുറഞ്ഞ ചിലവില്‍ ലഭ്യമാണ്. യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ ചെറിയ പട്ടണങ്ങള്‍ മുതല്‍ മനോഹരമായ കടല്‍ത്തീരങ്ങളുള്ള നഗരങ്ങൡ വരെ, പോക്കറ്റ് കാലിയാകാതെ ജീവിക്കാന്‍ സാധിക്കുമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്യന്‍ ജീവിതശൈലിക്ക് അനുയോജ്യമായ ചില നഗരങ്ങള്‍ ഇതാ:

ബുഡാപെസ്റ്റ്, ഹംഗറി: 1,200 മുതല്‍ 1,800 ഡോളര്‍ വരെ (ഏകദേശം 1.05 - 1.56 ലക്ഷം) പ്രതിമാസ ബജറ്റില്‍ ഇവിടെ സുഖമായി ജീവിക്കാം. കുറഞ്ഞ വാടക, മികച്ച കാല്‍നട സൗകര്യങ്ങള്‍, സാംസ്‌കാരിക ഇടങ്ങള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളുടെ സാന്നിധ്യം എന്നിവ ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. ആധുനിക സൗകര്യങ്ങളോടൊപ്പം പഴയകാല പ്രൗഢിയും ഇവിടെ കാണാന്‍ സാധിക്കും.

ഗ്രീസ്: പ്രതിമാസം 400 ഡോളറിന് (ഏകദേശം 34,800 രൂപ) കടലിന് അഭിമുഖമായ വീടുകള്‍ വാടകയ്ക്ക് ലഭിക്കും. പ്രതിമാസ ചിലവ് 1,000 ഡോളറിനും 1,700 ഡോളറിനും ഇടയില്‍ വരും. ഇളം ചൂടുള്ള കാലാവസ്ഥ, ശാന്തമായ ജീവിതരീതി, വിരമിച്ചവര്‍ക്കും വിദൂരജോലിക്കാര്‍ക്കും അനുകൂലമായ നികുതി ഇളവുകള്‍ എന്നിവ ഗ്രീസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

സൈപ്രസ്: ഇംഗ്ലീഷ് വ്യാപകമായി സംസാരിക്കുന്ന ഇവിടെ പ്രതിമാസ ചിലവ് 1,200 മുതല്‍ 1,800 ഡോളറാണ്. കടല്‍ത്തീരത്തിനടുത്തുള്ള വീടുകള്‍ക്ക് 500 മുതല്‍ 800 ഡോളര്‍ വരെ വാടക മതിയാകും. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഇവിടെ കുറഞ്ഞ ചിലവില്‍ ലഭ്യമാണ്.

ഇന്ത്യക്കാര്‍ക്ക്, ഈ രാജ്യങ്ങളില്‍ പ്രത്യേകിച്ച് വിരമിച്ചവര്‍ക്കായി പ്രത്യേക താമസ പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നഗരങ്ങളില്‍ താമസിക്കാന്‍ അവിടുത്തെ പ്രാദേശിക ഭാഷയില്‍ അറിവുണ്ടായിരിക്കുന്നത് നല്ലതാണ്