'തെറ്റുപറ്റി' : ഐഡിയ ബിസിനസിനെ കുറിച്ച് കുമാർ മംഗളം ബിർള
ടെലികോം ബിസിനസ് ഞങ്ങൾക്ക് വളരെ ശ്രമകരമായ ഒന്നായിരുന്നു. നല്ല മുന്നേറ്റം നേടാൻ സാധിക്കാത്തതിന് പല കാരണങ്ങളും ഉണ്ട്. ഞങ്ങളുടെ പ്രകടനം മോശമായ ചില സെക്ടറുകളിൽ ഒന്നാണിതെന്നും കുമാർ മംഗളം ബിർള

ദില്ലി: ടെലികോം ബിസിനസിലേക്കുള്ള പ്രവേശനം വലിയ തെറ്റായിപ്പോയെന്ന് ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർള. സിങ്ക് - ലെഡ് ഖനന കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്കിനെ കൈവിട്ടതിൽ താനിപ്പോൾ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിന് കീഴിലാണ് നിലവിൽ ഹിന്ദുസ്ഥാൻ സിങ്ക് പ്രവർത്തിക്കുന്നത്. 2002-03 കാലത്ത് കേന്ദ്രസർക്കാർ ഈ ഖനന കമ്പനിയിലെ ഓഹരികൾ വിറ്റഴിച്ചപ്പോഴാണ് വേദാന്ത ഗ്രൂപ്പ് ഉടമസ്ഥാവകാശം നേടിയത്.
'ടെലികോം ബിസിനസ് ഞങ്ങൾക്ക് വളരെ ശ്രമകരമായ ഒന്നായിരുന്നു. നല്ല മുന്നേറ്റം നേടാൻ സാധിക്കാത്തതിന് പല കാരണങ്ങളും ഉണ്ട്. ഞങ്ങളുടെ പ്രകടനം മോശമായ ചില സെക്ടറുകളിൽ ഒന്നാണിത്. ഈ അനുഭവങ്ങൾ പാഠങ്ങളാണ്,' - അദ്ദേഹം പറഞ്ഞു. എന്നാൽ വൊഡഫോൺ ഐഡിയ ഒരു മാസം മുൻപത്തെ നിലയെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വൊഡഫോൺ ഐഡിയയിൽ കുമാർ മംഗളം ബിർളയുടെ കമ്പനിയായ ഐഡിയയ്ക്ക് 27 ശതമാനം ഓഹരിയാണുള്ളത്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവുമായി ബന്ധപ്പെട്ട കുടിശിക തീർക്കാൻ കേന്ദ്രം അനുവദിച്ച നാല് വർഷത്തെ മൊറട്ടോറിയം കമ്പനി ഈയടുത്ത് സ്വീകരിച്ചിരുന്നു. സെപ്തംബറിൽ അവസാനിച്ച പാദവാർഷികത്തിൽ കമ്പനിയുടെ നഷ്ടം 7132 കോടിയായിരുന്നു. ജൂണിൽ അവസാനിച്ച പാദത്തിലെ 7319 കോടി നഷ്ടത്തിലും കുറവായിരുന്നു ഇത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ പാതി പിന്നിടുമ്പോൾ 14451 കോടിയാണ് കമ്പനിയുടെ നഷ്ടം. കമ്പനിയുടെ ആകെ കടം 1.9 ലക്ഷം കോടിയാണ്.
ഹിന്ദുസ്ഥാൻ സിങ്ക് നേരത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപമായിരുന്നു. 2002 ൽ കേന്ദ്രസർക്കാർ ഇതിന്റെ ഓഹരികൾ വിറ്റഴിച്ചു. അന്ന് ഇത് വാങ്ങാൻ കഴിയാതിരുന്നതിലാണ് കുമാർ മംഗളം ബിർള നിരാശ പങ്കുവെച്ചത്. ബിർളയെ മറികടന്ന് വേദാന്ത ഗ്രൂപ്പാണ് ഇതിന്റെ സർക്കാർ ഓഹരികൾ വാങ്ങിയത്.