ദില്ലി: ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ ശേഷിയുള്ള സാമ്പത്തിക ശക്തിയാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇത് നേടാനാവാത്ത ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്തിയാല്‍ ഇത് നേടാനാവുമെന്നും ഇതിന് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡോറില്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച 29ാമത് അന്ത്രാഷ്ട്ര മാനേജ്‌മെന്റ് കോണ്‍ക്ലേവില്‍ പങ്കെടുത്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള പ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതുമാണ്. ഈ ലക്ഷ്യം നേടാന്‍ ദൃഢനിശ്ചയം വേണം. രാജ്യത്തിനകത്ത് വിഭവ സ്രോതസ്സുകളും ഉല്‍പ്പാദന ശേഷിയും ഉണ്ടെങ്കിലും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുക ശീലമായി. മരുന്ന്,
വൈദ്യോപകരണങ്ങള്‍, കല്‍ക്കരി, കോപ്പര്‍, പേപ്പര്‍ എല്ലാത്തിലും വിദേശരാജ്യങ്ങളെ ആശ്രയിക്കുകയാണ്. അഞ്ച് ലക്ഷം കോടി ജിഡിപി കൈവരിക്കണമെങ്കില്‍ ആദ്യം സ്വന്തം നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളെയും ഉല്‍പ്പാദകരെയും വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Read More: വീട്ടിലുളള പഴയ സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ പേടി വേണ്ട; രാജ്യത്ത് ഇനി 'മൂന്ന്' കാരറ്റിലുളള ആഭരണങ്ങള്‍ മാത്രം !

'അതിവേഗം വളരുന്ന സാമ്പത്തിശക്തിയാണ് നമ്മുടേത്. രാജ്യാന്തരവിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ ഭാഗമായി രാജ്യത്തും സാമ്പത്തിക പ്രതിസന്ധികളുണ്ട്. ഇവിടുത്തെ യുവജനത്തിന് ഈ പ്രതിസന്ധികളെ അവസരങ്ങളായി മാറ്റാനുള്ള ശക്തിയുണ്ട്. മൂലധനത്തിനും വിഭവങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും ഇവിടെ ക്ഷാമമില്ല. എന്നാല്‍ മിക്ക മേഖലകളിലും ശരിയായ കാഴ്ചപ്പാടോടെ മുന്നോട്ട് നയിക്കാന്‍ നല്ല നേതൃത്വമില്ലാത്തതിന്റെ പോരായ്മകളുണ്ട്'- ഗഡ്കരി പറഞ്ഞു.