ദില്ലി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ ഇന്ത്യ പാമോയിൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തെല്ലൊന്നുമല്ല മലേഷ്യയെ വലച്ചത്. അവരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പാമോയിൽ വിൽക്കുന്നത് ഇന്ത്യയിലായിരുന്നു. ഇപ്പോഴിതാ, ഇന്ത്യയെ തണുപ്പിക്കാൻ പഞ്ചസാര പ്രയോഗവുമായി മലേഷ്യ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇന്ത്യയിൽ നിന്ന് കൂടുതൽ പഞ്ചസാര ഇറക്കുമതി ചെയ്യാനാണ് തീരുമാനം. മലേഷ്യയിലെ എംഎസ്എം ഹോൾഡിങ്സ് ബെർഹാർഡ് 1.3 ലക്ഷം ടൺ പഞ്ചസാര വാങ്ങും. 49.20 ദശലക്ഷം ഡോളറിന്റേതാണ് കച്ചവടം. 2019 ൽ ഇന്ത്യയിൽ നിന്ന് 88,000 ടൺ പഞ്ചസാരയാണ് എംഎസ്എം വാങ്ങിയിരുന്നത്. മലേഷ്യയിലെ പഞ്ചസാര സംസ്കരണ സ്ഥാപനമാണ് എംഎസ്എം. എന്നാൽ, പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് കമ്പനി ഇതുവരെ സമ്മതിച്ചിട്ടില്ല.

ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ലോകത്തെ മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള പാമോയിൽ വിപണനം വർധിപ്പിക്കാൻ ശ്രമിക്കുമെന്നാണ് മലേഷ്യ പ്രതികരിച്ചത്. പക്ഷെ ഇന്ത്യയുടെ തീരുമാനം മലേഷ്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു. 2019 ൽ മാത്രം 4.4 ദശലക്ഷം ടൺ പാമോയിലാണ് മലേഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. 10.8 ബില്യൺ ഡോളറിന്റേതായിരുന്നു മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി. എന്നാൽ, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളാവട്ടെ വെറും 6.4 ബില്യൺ ഡോളർ മാത്രമായിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.