ഈ വര്‍ഷം എംബിഎ പ്രവേശനത്തിന്റെ ഭാഗമായി രണ്ട് പരീക്ഷകളാണ് നടന്നത്. 2019 ഫെബ്രുവരിയിലും ജൂണിലുമായിരുന്നു പരീക്ഷകള്‍. രണ്ട് പരീക്ഷകളിലും ജനറല്‍ കാറ്റഗറിക്ക് 15 ശതമാനമായിരുന്നു കട്ട് ഓഫ് മാര്‍ക്ക്.

തിരുവനന്തപുരം: കേരളത്തിലെ എംബിഎ/ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനുളള കെ- മാറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കില്ല. നിലവിലെ 15 ശതമാനത്തില്‍ നിന്ന് കട്ട് ഓഫ് മാര്‍ക്ക് 10 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഫലം പുറത്തുവിട്ട പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രവേശന പരീക്ഷയുടെ ചുമതലയുളള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി.

അതിനിടെ, അടുത്ത വര്‍ഷത്തെ കെ- മാറ്റ് പരീക്ഷ മുതല്‍ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര ബാബു കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത പരീക്ഷ സംബന്ധിച്ച് സര്‍വകലാശാലകളുടെ യോഗം ചേരുമ്പോള്‍ പരിഗണിക്കുമെന്നാണ് കമ്മിറ്റി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്.

സംസ്ഥാനത്തെ സാശ്രയ, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഏതാണ്ട് 7,600 ഓളം മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സീറ്റിലേക്കാണ് പ്രവേശന പരീക്ഷയായ കെ -മാറ്റ് പരിഗണിക്കുന്നത്. ഈ വര്‍ഷം എംബിഎ പ്രവേശനത്തിന്റെ ഭാഗമായി രണ്ട് പരീക്ഷകളാണ് നടന്നത്. 2019 ഫെബ്രുവരിയിലും ജൂണിലുമായിരുന്നു പരീക്ഷകള്‍. രണ്ട് പരീക്ഷകളിലും ജനറല്‍ കാറ്റഗറിക്ക് 15 ശതമാനമായിരുന്നു കട്ട് ഓഫ് മാര്‍ക്ക്. എസ്ഇബിസിക്ക് 10 ശതമാനവും എസ്‌സി/ എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ് കട്ട് ഓഫ് മാര്‍ക്ക്. എല്ലാ വിഭാഗങ്ങളുടെയും കട്ട് ഓഫ് മാര്‍ക്ക് കുറച്ച് ലിസ്റ്റ് വിപുലീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് കെ -മാറ്റ് പരീക്ഷകള്‍ നടത്തിയത്.