നിലവില്‍ 2024-ല്‍ ഏകദേശം 20,000 കോടി രൂപയോളമുള്ള (23.9 ബില്യണ്‍ ഡോളര്‍) ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ വിപണി 2033-ഓടെ 4.5 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

സൗരോര്‍ജ മേഖലയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുമ്പോള്‍, പ്രമുഖ ഗ്രൂപ്പുകളായ അദാനിക്കും റിലയന്‍സിനും പിന്നാലെ വിപണിയില്‍ തരംഗമായി രണ്ട് വമ്പന്‍ കമ്പനികള്‍ കൂടി. വാരി എനര്‍ജീസും പ്രീമിയര്‍ എനര്‍ജീസും ആണ് 73,000 കോടി രൂപയുടെ വമ്പന്‍ ഓര്‍ഡറുകളുമായി ഈ മേഖലയില്‍ മുന്നേറുന്നത്. നിലവില്‍ 2024-ല്‍ ഏകദേശം 20,000 കോടി രൂപയോളമുള്ള (23.9 ബില്യണ്‍ ഡോളര്‍) ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ വിപണി 2033-ഓടെ 4.5 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 2030-ഓടെ 500 ജിഗാവാട്ട് ഹരിത ഊര്‍ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്.

വാരി എനര്‍ജീസ്: 60,000 കോടിയുടെ പടുകൂറ്റന്‍ ഓര്‍ഡറുകള്‍

സൗരോര്‍ജ പാനലുകളുടെ നിര്‍മ്മാണത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് വാരി എനര്‍ജീസ്. വെറുമൊരു പാനല്‍ നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നിന്ന് , ഊര്‍ജ മേഖലയിലെ എല്ലാ സേവനങ്ങളും നല്‍കുന്ന സമ്പൂര്‍ണ്ണ പ്ലാറ്റ്ഫോമായി കമ്പനി മാറിക്കഴിഞ്ഞു.

റെക്കോര്‍ഡ് വളര്‍ച്ച: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 119% വര്‍ധിച്ച് 7,565 കോടി രൂപയായി.

ഓര്‍ഡര്‍ ബുക്ക്: നിലവില്‍ 60,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനിയുടെ കൈവശമുള്ളത്. ഇതില്‍ 65 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതാണ്.

നിര്‍മ്മാണ വേഗത: ഒരു മിനിറ്റില്‍ 52 സോളാര്‍ മോഡ്യൂളുകള്‍ എന്ന വേഗതയില്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണിത്.

ഭാവി പ്ലാനുകള്‍: സോളാര്‍ പാനലുകള്‍ക്ക് പുറമെ ഗ്രീന്‍ ഹൈഡ്രജന്‍, ബാറ്ററി സ്റ്റോറേജ് തുടങ്ങിയ മേഖലകളിലേക്കും കമ്പനി 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ട്.

പ്രീമിയര്‍ എനര്‍ജീസ്: കാര്യക്ഷമതയുടെ കരുത്ത്

തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ എനര്‍ജീസ്, സൗരോര്‍ജ സെല്ലുകളുടെയും മോഡ്യൂളുകളുടെയും നിര്‍മ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാരി എനര്‍ജീസിനെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രവര്‍ത്തന മികവില്‍ പ്രീമിയര്‍ മുന്നിലാണ്.

വരുമാന വര്‍ധന: മൂന്നാം പാദത്തില്‍ 1,937 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി, 391 കോടി രൂപ ലാഭമുണ്ടാക്കി.

ഓര്‍ഡര്‍ ബുക്ക്: 13,724 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനിക്കുള്ളത്. ഇതിന്റെ പ്രത്യേകത 100 ശതമാനവും ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകളാണ് എന്നതാണ്.

മിഷന്‍ 2028: 2028-ഓടെ ലോകോത്തര നിലവാരമുള്ള ക്ലീന്‍-ടെക് കമ്പനിയായി മാറാനാണ് പ്രീമിയര്‍ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി പുതിയ നിര്‍മ്മാണ പ്ലാന്റുകള്‍ അതിവേഗം പൂര്‍ത്തിയായി വരുന്നു.

ഇന്ത്യന്‍ വിപണിയില്‍ സോളാര്‍ പാനലുകളുടെ ആവശ്യം 2035-ഓടെ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പി.എം സൂര്യഘര്‍', 'പി.എം കുസും' തുടങ്ങിയ പദ്ധതികളും ഈ കമ്പനികള്‍ക്ക് വലിയ കരുത്താകും.