മില്ലേനിയല്‍സും ജെന്‍സിയും പണത്തെയും സാങ്കേതികവിദ്യയെയും എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ക്രിപ്റ്റോ പോര്‍ട്ട്ഫോളിയോകള്‍.

യുവ നിക്ഷേപകരുടെ പ്രിയ നിക്ഷേപമാര്‍ഗമായി ക്രിപ്റ്റോകറന്‍സി മാറുമ്പോള്‍, നിക്ഷേപ തന്ത്രങ്ങളിലും സമീപനത്തിലും രണ്ട് യുവതലമുറകള്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങള്‍. മില്ലേനിയല്‍സും ജെന്‍സിയും പണത്തെയും സാങ്കേതികവിദ്യയെയും എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ക്രിപ്റ്റോ പോര്‍ട്ട്ഫോളിയോകള്‍.

മില്ലേനിയല്‍സ്: കരുതലിന്റെ പാഠങ്ങള്‍ പഠിച്ചവര്‍

ക്രിപ്റ്റോ വ്യാപകമാകുന്നതിന് വളരെ മുമ്പുതന്നെ നിക്ഷേപരംഗത്തേക്ക് വന്നവരാണ് മില്ലേനിയല്‍സ്. ഓഹരി വിപണിയിലെ പ്രതിസന്ധികളും, സാമ്പത്തിക തകര്‍ച്ചകളും, ഡിജിറ്റല്‍ ആസ്തികളുടെ ആദ്യകാലത്തെ അസ്ഥിരതയുമെല്ലാം ഇവര്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഈ അനുഭവമാണ് ഇവരുടെ സമീപനം അളന്നുമുറിച്ചതും വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ആക്കി മാറ്റിയത്. മില്ലേനിയല്‍സ് ക്രിപ്റ്റോയില്‍ നിന്ന് ലാഭം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് പോര്‍ട്ട്ഫോളിയോയിലെ ഒരു ഭാഗം മാത്രമായിരിക്കും. അതായത്, ക്രിപ്റ്റോ എന്നത് അവരുടെ മറ്റ് നിക്ഷേപങ്ങള്‍ക്ക് ഒരു പകരക്കാരനല്ല, മറിച്ച് ആകെ നിക്ഷേപങ്ങളിലെ ഒരു ഭാഗം മാത്രമാണ്.

ജെന്‍സി: ഡിജിറ്റല്‍ ലോകത്തെ പരീക്ഷണങ്ങള്‍

എന്നാല്‍ ജെന്‍സി വളര്‍ന്നത് ഇന്റര്‍നെറ്റും, യുപിഐയും മൊബൈല്‍ സേവനങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ ലോകത്താണ്. ഇവര്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ലോകത്തില്‍ ജീവിക്കുന്നവരും, കൂടുതല്‍ പരീക്ഷണ താല്‍പ്പര്യമുള്ളവരുമാണ്. പലരുടെയും ആദ്യ നിക്ഷേപം തന്നെ ക്രിപ്റ്റോ ആയിരിക്കും. ജെന്‍സിയെ സംബന്ധിച്ച് ക്രിപ്റ്റോ എന്നത് പണം ഉണ്ടാക്കുന്നതിനേക്കാള്‍ ഉപരി സാമ്പത്തിക ലോകത്ത് പങ്കാളിയാകാനുള്ള വഴിയാണ്.

മില്ലേനിയല്‍സ്: സ്ഥിരതയാണ് പ്രധാനം

സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ബോധ്യമുള്ള മില്ലേനിയല്‍സ് കൂടുതല്‍ സൂക്ഷ്മതയോടെയും ഘടനാപരമായും നിക്ഷേപം നടത്തുന്നു. മില്ലനിയല്‍സ് അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരായവര്‍ ആണ്. ഒറ്റയടിക്ക് എല്ലാം നിക്ഷേപിക്കാതെ, നിക്ഷേപങ്ങള്‍ വിഭജിക്കല്‍ , ഡോളര്‍-കോസ്റ്റ് ആവറേജിംഗ് പോലുള്ള തന്ത്രങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

മാര്‍ക്കറ്റ് ഇടിഞ്ഞാല്‍ ഇവര്‍ എന്തുചെയ്യും?

വിപണിയിലെ കയറ്റിറക്കങ്ങളോടുള്ള ഇവരുടെ പ്രതികരണം തികച്ചും വിഭിന്നമാണ്:

മില്ലേനിയല്‍സ്: ഇവര്‍ സംയമനം പാലിച്ച്, കാര്യങ്ങള്‍ വിശകലനം ചെയ്ത്, നിക്ഷേപങ്ങള്‍ പുനഃക്രമീകരിക്കും. ദീര്‍ഘകാല ലക്ഷ്യങ്ങളിലാണ് ഇവരുടെ ശ്രദ്ധ. ഇടിവിനെ ഒരു അപകടസാധ്യതയായി കണ്ട് കൈകാര്യം ചെയ്യുന്നു.

ജെന്‍സി : ഇവര്‍ക്ക് വിലയിടിവ് ഒരു അവസരമാണ്! താഴ്ചകളില്‍ കൂടുതല്‍ വാങ്ങാന്‍ ശ്രമിക്കുകയും ഓണ്‍ലൈന്‍ ചര്‍ച്ചകളുടെ സ്വാധീനത്തില്‍ വേഗത്തില്‍ പ്രതികരിക്കുകയും ചെയ്യുന്നു.