പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ നികുതി വർദ്ധനവുണ്ടാകുമെന്ന സൂചനയും നൽകുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവാണ് ബജറ്റിന്റെ (Kerala Budget 2022) ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal). പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ നികുതി വർദ്ധനവുണ്ടാകുമെന്ന സൂചനയും നൽകുന്നു. നികുതി വർധന അടുത്തിടെ ഉയർന്ന് വരുന്നതാണ്. നികുതി വർധിപ്പിക്കാൻ പരിമിധ അവസരങ്ങളേ സംസ്ഥാനത്തിനുള്ളു. എന്നാൽ ജനങ്ങളുടെ ബിസിനസിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയർത്തില്ല. അതേ സമയം കാലോജിതമായി നമുക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ജനം നികുതി നൽകുകയും വേണം. അതില്ലെങ്കിൽ സർക്കാറുകൾ ശക്തിപ്പെടില്ല. സമൂഹം ദുർബലമാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റാണ് ഈ മാസം 11ന് നിയമസഭയിൽ അവതരിപ്പിക്കുക. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാൽ.കൊവിഡിന്റെ അടക്കം പ്രതിസന്ധിയെ തരണം ചെയ്യുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പരിഷ്കരിച്ച പതിപ്പ് മാത്രമായിരുന്നു കഴിഞ്ഞ വർഷം ബാലഗോപാൽ അവതരിപ്പിച്ചത്. ഇത്തവണ പ്രതീക്ഷയോടെയാണ് വിവിധ മേഖലകൾ ബജറ്റിനെ നോക്കിക്കാണുന്നത്.
കൂടുതൽ തൊഴിലാളി ക്ഷേമപരമായ ബജറ്റാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾ പറയുന്നു. ക്ഷേമനിധിയും മറ്റ് തൊഴിൽ ആനുകൂല്യങ്ങളും കിട്ടുന്നുണ്ടെങ്കിലും അത് ഇനിയും കാര്യക്ഷമമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്ന് തൊഴിലാളികൾ പറയുന്നു.
ഇത്തവണത്തെ ബജറ്റിൽ കൊവിഡിന് ശേഷം ഉണരുന്ന വ്യാപാര മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രതീക്ഷിക്കുന്നതായി മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. മലയോരഹൈവേയും കെറെയിലും അടക്കമുള്ള പ്രവൃത്തികൾ വിപണിയിൽ പണത്തിന്‍റെ ഒഴുക്കിന് കാരണമാവും , ഇത് സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. നികുതി വെട്ടിപ്പ് കുറക്കാനുള്ള പ്രവർത്തനങ്ങൾ ഇനിയും ശക്തി പ്രാപിക്കേണ്ടതുണ്ടെന്നും എം പി അഹമ്മദ് പറഞ്ഞു.
ബജറ്റില്‍ കേരളത്തില്‍ ഇലക്ട്രേണിക് ആന്‍റ് ഗാഡ്ജറ്റ് നിര്‍മ്മാണത്തിനായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് മൈജി ചെയര്‍മാന്‍ എകെ ഷാജി ആവശ്യപ്പെട്ടു. ഇത് ഈ മേഖലയില്‍ വലിയ വികസനത്തിന് വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala budget 2022 : സംസ്ഥാന ചരിത്രത്തിലെ പതിനാറാമൻ, കെഎൻ ബാലഗോപാലിന്റെ സമ്പൂർണ ബജറ്റ് 11 ന്
