ദില്ലി: രണ്ടായിരം രൂപയുടെ നോട്ട് പിൻവലിക്കുമോ, ഇല്ലേ? ഈ ചോദ്യം ഇന്ത്യാക്കാരുടെ തലയിൽകയറിയിരുന്ന് പുകയാൻ തുടങ്ങിയിട്ട് നാള് കുറെയായി. ആയിരത്തിന്റെ പുതിയ നോട്ട് വരുമെന്നും ഇല്ലെന്നുമൊക്കെയാണ് പ്രചാരണം. സത്യമെന്താണെന്ന് ആർക്കുമറിയാത്ത സ്ഥിതി വരെയായി കാര്യങ്ങള്‍.

ഒടുവില്‍ കേന്ദ്രസർക്കാർ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ് വിഷയത്തിലെ കേന്ദ്ര നിലപാട് അറിയിച്ചത്. രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുമോയെന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. "ഇതൊരു വലിയ ആശങ്കയായി പരന്നുകഴിഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഈകാര്യത്തിൽ ആശങ്കപ്പെടേണ്ടെന്നാണ്," അദ്ദേഹം രാജ്യസഭയിൽ  ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

2016 നവംബറിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് ശേഷം ഇറക്കിയ 2000 ന്റെ നോട്ട് മൂലം കള്ളപ്പണം വർധിച്ചുവെന്നാണ് സമാജ്‌വാദി പാർട്ടി രാജ്യസഭാ അംഗം വിശംഭർ പ്രസാദ് നിഷാദ് പറഞ്ഞത്.  ആളുകൾക്കിടയിൽ രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ച് ആയിരത്തിന്റെ നോട്ട് വീണ്ടുമിറക്കുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. അങ്ങനെയൊരു തീരുമാനം കേന്ദ്രസർക്കാരിന്‍റെ  പരിഗണനയിലുണ്ടോയെന്നായിരുന്നു ചോദ്യം.

2016 നവംബർ നാലിന് ഇന്ത്യൻ വിപണിയിൽ 17.74 ലക്ഷം കോടിയാണ് കറൻസിയായി ഉണ്ടായിരുന്നത്. എന്നാൽ നോട്ട് നിരോധനം കഴിഞ്ഞ് 22.35 ലക്ഷം കോടിയായി ഉയർന്നു. വിപണിയിലെ കറൻസിയുടെ വളർച്ച പ്രതിവർഷം 14.51 ശതമാനമാണ്. ഈ നിലയിൽ 25.40 ലക്ഷം കോടിയോളം രൂപയുടെ കറൻസിയെങ്കിലും ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് വിപണിയിലുണ്ടായിരിക്കും എന്നാണ് വിലയിരുത്തൽ.