അമേരിക്കന്‍ പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് 75 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് സര്‍ക്കാര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ഫീസ് ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും ഈ നീക്കത്തില്‍ വ്യവസ്ഥയുണ്ട്. ഇത് അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കും.
അമേരിക്കന്‍ പൗരത്വം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി ട്രംപ് സര്‍ക്കാരിന്റെ പുതിയ നീക്കം. നിയമപരമായ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം സമര്‍പ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് ഇതുവരെ ലഭ്യമായിരുന്ന ഫീസ് ഇളവുകളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും പുതിയ ശുപാര്‍ശയില്‍ വ്യവസ്ഥയുണ്ട്. പൗരത്വ അപേക്ഷാ ഫീസില്‍ ഏകദേശം 75 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.
പ്രധാന മാറ്റങ്ങള്‍ എന്തൊക്കെ?
പേപ്പര്‍ വഴിയുള്ള അപേക്ഷകള്‍: നിലവിലുള്ള 760 ഡോളറില്‍ (72,960 രൂപ) നിന്ന് 1,330 ഡോളറായി (1,27,680 രൂപ) ഉയരും.
ഓണ്‍ലൈന്‍ അപേക്ഷകള്‍ : നിലവിലുള്ള 710 ഡോളറില്‍ (68,160 രൂപ) നിന്ന് 1,280 ഡോളറായി (1,22,880 രൂപ) ഉയരും.
അതായത്, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അപേക്ഷകര്‍ നിലവിലുള്ളതിനേക്കാള്‍ 570 ഡോളര്‍ (54,720 രൂപ) അധികമായി നല്‍കേണ്ടി വരും. ഇതിനുപുറമെ, പൗരത്വം നിഷേധിക്കപ്പെട്ടതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. ഇത് 830 ഡോളറില്‍ (79,680 രൂപ) നിന്ന് 1,475 ഡോളറായി (1,41,600 രൂപ) ഉയര്‍ത്താനാണ് ശുപാര്‍ശ. 645 ഡോളറിന്റെ (61,920 രൂപ), അതായത് ഏകദേശം 77.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.
ഇളവുകളും കുറഞ്ഞ നിരക്കുകളും അവസാനിക്കുന്നു
ഫെഡറല്‍ ദാരിദ്ര്യ രേഖയുടെ 400 ശതമാനമോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള കുടിയേറ്റക്കാര്‍ക്ക് ഇതുവരെ പൗരത്വ അപേക്ഷകളില്‍ വലിയ തോതില്‍ ഫീസ് ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഈ ആനുകൂല്യങ്ങളും കുറഞ്ഞ നിരക്കിലുള്ള അപേക്ഷാ സൗകര്യങ്ങളും പൂര്‍ണമായും ഇല്ലാതാകും. അതേസമയം, യുഎസ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പൗരത്വം നേടുന്നതിനുള്ള ഫീസ് ഇളവുകള്‍ തുടര്‍ന്നും ലഭിക്കും.
നിയമം എപ്പോള്‍ നിലവില്‍ വരും?
ഈ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. 'നോട്ടീസ് ഓഫ് പ്രൊപ്പോസ്ഡ് റൂള്‍മേക്കിങ്' ആയിട്ടാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷം, നിയമം അന്തിമമാക്കിയ ശേഷമേ പുതിയ ഫീസ് നിരക്കുകള്‍ നിലവില്‍ വരൂ.
ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
ഈ ഫീസ് വര്‍ദ്ധനവ് അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് നേരിട്ട് ബാധിക്കുക. പ്രത്യേകിച്ച്, എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തുകയും പിന്നീട് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്ത വലിയൊരു വിഭാഗം പ്രൊഫഷണലുകള്‍ ഇന്ത്യക്കാരായുണ്ട്. ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് യുഎസ് പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. പുതിയ നിയമം വരുന്നതോടെ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും വിരമിച്ച പ്രവാസികള്‍ക്കും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതോടെ അപേക്ഷകര്‍ സ്വന്തം കയ്യില്‍ നിന്ന് വന്‍ തുക ഫീസായി നല്‍കാന്‍ നിര്‍ബന്ധിതരാകും.


