രാജ്യത്തെ മൈക്രോ ബ്രൂവറികളുടെ വളര്‍ച്ചയാണ് ബിയര്‍ കുടിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണം.

പണ്ട് കടുത്ത മദ്യങ്ങളോടായിരുന്ന പ്രിയമെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് ബിയറിനാണ് ആരാധകരേറെയെന്ന് എന്ന് കണക്കുകള്‍. രാജ്യത്തെ പ്രതിശീര്‍ഷ ബിയര്‍ ഉപഭോഗം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് മദ്യപാനികളുടെ എണ്ണം മാത്രമല്ല, ഓരോരുത്തരും കുടിക്കുന്ന ബിയറിന്റെ അളവും കുത്തനെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം, നിലവില്‍ ഒരാളുടെ ശരാശരി ബിയര്‍ ഉപഭോഗം രണ്ട് ലിറ്ററാണ്. ഏറെക്കാലമായി ഇതേനിലയില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. നിയമപരമായ തടസ്സങ്ങള്‍, നികുതിയിലെ പ്രശ്‌നങ്ങള്‍, പ്രായപരിധി എന്നിവയൊക്കെയായിരുന്നു ഇതിന് കാരണം. എന്നാല്‍, രാജ്യത്തെ മൈക്രോ ബ്രൂവറികളുടെ വളര്‍ച്ചയാണ് ബിയര്‍ കുടിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണം.

ബിയര്‍ വിപണിയില്‍ ഇന്ത്യയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരു തന്നെയാവും ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുക. രാജ്യത്തെ 600 മൈക്രോ ബ്രൂവറികളില്‍ 86 എണ്ണവും ബെംഗളൂരുവിലാണ്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ബെംഗളൂരുവിലെ മൈക്രോ ബ്രൂവറികളുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സൗത്ത് ഇന്ത്യ പറയുന്നു. ഇത് രാജ്യത്ത് ബിയര്‍ ഉപഭോഗം കുത്തനെ കൂട്ടും. 2033ഓടെ രാജ്യത്ത് 5,000 മൈക്രോ ബ്രൂവറികളുണ്ടാവും. 2024ല്‍ 4.7 ബില്യണ്‍ ഡോളര്‍ വിറ്റുവരവ് രേഖപ്പെടുത്തിയ ക്രാഫ്റ്റ് ബിയര്‍ വിപണി 23.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 33.3 ബില്യണ്‍ ഡോളറിലെത്തും രാജ്യത്തെ മൊത്തം ബിയര്‍ വില്‍പ്പനയുടെ 45 ശതമാനവും മൈക്രോ ബ്രൂവറികള്‍ സ്വന്തമാക്കും. അതോടെ പ്രതിശീര്‍ഷ ബിയര്‍ ഉപഭോഗം എട്ട് ലിറ്ററായി ഉയരുമെന്നും സംഘടന പറയുന്നു.

രാജ്യത്തെ ശരാശരി ബിയര്‍ ഉപഭോഗം രണ്ട് ലിറ്ററാണെങ്കില്‍ ലോക ശരാശരി 30 ലിറ്ററാണ്. അമേരിക്കയിലും യൂറോപ്പിലും ബിയറിനെയും വൈനിനെയും നോണ്‍ ആല്‍ക്കഹോളിക് ഡ്രിങ്ക് ആയാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് അവിടെ ബിയര്‍ ഉപഭോഗം കൂടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ മാറുന്നതും വരുമാനം വര്‍ധിക്കുന്നതും യുവജനതയുടെ എണ്ണത്തിലെ വര്‍ധനയുമെല്ലാം ബിയര്‍ വിപണിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് ബിയര്‍ വിപണിയിലെ ഭീമന്‍മാരായ യുണൈറ്റഡ് ബ്രൂവറീസും പറയുന്നു.

പുതിയ കാലത്തെ ഉപഭോക്താക്കളായ ജെന്‍ സി, മില്ലേനിയല്‍ വിഭാഗം ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവരാണ്. ഇവര്‍ക്ക് നോ-ആല്‍ക്കഹോള്‍ ബിയറുകളോടാണ് താല്‍പര്യമെന്നും യുണൈറ്റഡ് ബ്രൂവറീസ് പറയുന്നു. ഹെയ്‌നകെന്‍ 0.0 പോലുള്ള ബ്രാന്‍ഡുകള്‍ക്ക് നഗരങ്ങളില്‍ ആവശ്യക്കാരേറെയാണ്. കുപ്പികളില്‍ ലഭിക്കുന്ന ബിയറുകളെ അപേക്ഷിച്ച് വൈവിധ്യമാര്‍ന്ന രുചികളിലുള്ള ബിയറുകള്‍ മൈക്രോ ബ്രൂവറികള്‍ നല്‍കുന്നു. ഒരു മൈക്രോ ബ്രൂവറിയില്‍ ചുരുങ്ങിയത് ആറ് മുതല്‍ എട്ട് വരെ രുചികളുള്ള ബിയറുകള്‍ ലഭിക്കും. ഇത് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഇന്ത്യയില്‍ ബിയര്‍ വിപണിക്ക് ഗുണകരമാവുമെന്നും യുണൈറ്റഡ് ബ്രൂവറീസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ 5.4 ബില്യണ്‍ ഡോളറില്‍നിന്ന് 2033ഓടെ 802 ബില്യണ്‍ ഡോളറിലേക്ക് ബിയര്‍ വിപണിയുടെ മൂല്യം ഉയരുമെന്നാണ് കണ്കകുകള്‍. നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം