മുംബൈ: റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത്. റിലയൻസ് ഇന്റസ്ട്രീസിന്റെ വിപണി മൂലധനം 10 ലക്ഷം കോടി കടന്നതിന് പിന്നാലെയാണ് ഈ കുതിച്ചുചാട്ടം. പട്ടികയിൽ 13-ാം സ്ഥാനത്തായിരുന്ന അംബാനി വ്യാഴാഴ്ച ഒൻപതാം സ്ഥാനത്തെത്തി.

ഫോർബ്സിന്റെ റിയൽ ടൈം ബില്യണയേർസ് പട്ടിക പ്രകാരം മുകേഷ് അംബാനിക്ക് 60.8 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബിസോസാണ് പട്ടികയിൽ ഒന്നാമത്. ഇദ്ദേഹത്തിന് 113 ബില്യൺ ഡോളറാണ് ആസ്തി.

വ്യാഴാഴ്ച ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരികൾക്ക് രേഖപ്പെടുത്തിയത്. 1581.25 രൂപയായിരുന്നു വില.

റിലയൻസ് കഴിഞ്ഞാൽ ടാറ്റ കൺസൾട്ടൻസി സർവ്വീസിന്റെ ഓഹരികൾക്കാണ് ഏറ്റവും ഉയർന്ന വിലയുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികളാണ് തൊട്ടുതാഴെയുള്ളത്.

ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് എന്ന പേരിൽ റിലയൻസ് ഇന്റസ്ട്രീസിന് പൂർണ്ണ ഉടമസ്ഥാവകാശമുള്ള മറ്റൊരു കമ്പനി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1.08 ലക്ഷം കോടി രൂപ നിക്ഷേപിച്ചാവും കമ്പനി രൂപീകരിക്കുക. ഈ പണം ജിയോയിലേക്കാവും നിക്ഷേപിക്കുക. നിലവിൽ 650 ബില്യൺ ഡോളറാണ് ജിയോയിൽ റിലയൻസ് നിക്ഷേപിച്ചിരിക്കുന്നത്.