ഗോയല്‍ ഉണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഇത്തിഹാദ് അടക്കമുളളവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഗോയല്‍ പിന്മാറിയതെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

മുംബൈ: ജെറ്റ് എയര്‍വേസ് കമ്പനിയുടെ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുളള ലേലത്തില്‍ നിന്ന് നരേഷ് ഗോയല്‍ പിന്മാറി. ഗോയല്‍ ഉണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഇത്തിഹാദ് അടക്കമുളളവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഗോയല്‍ പിന്മാറിയതെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ജെറ്റ് എയര്‍വേസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായിരുന്നു നരേഷ് ഗോയല്‍. കഴിഞ്ഞ മാസമാണ് അദ്ദേഹവും ഭാര്യയും ജെറ്റ് എയര്‍വേസ് ബോര്‍ഡില്‍ നിന്നും രാജിവച്ചത്.

ഇന്നലെ ജെറ്റ് എയര്‍വേസ് താല്‍ക്കാലികമായി അടച്ചുപൂട്ടിയേക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇതുവരെ അത്തരം പ്രഖ്യാപനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അടുച്ചു പൂട്ടാന്‍ തീരുമാനിച്ചാല്‍ കമ്പനിക്ക് നാഷണല്‍ കമ്പനി ട്രൈബ്യൂണലിനെ സമീപിക്കേണ്ടി വരും. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനമില്ലാതെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 

നരേഷ് ഗോയലിന്‍റെ പിന്‍മാറ്റത്തെപ്പറ്റിയോ, അടച്ചു പൂട്ടലിനെപ്പറ്റിയോ ഇതുവരെ വ്യക്തമായ പ്രതികരണം ഇപ്പോഴത്തെ ഭരണ സമിതിയായ ബാങ്ക് കണ്‍സോഷ്യം നടത്തിയിട്ടില്ല. കുടിശ്ശിക തീര്‍ക്കാന്‍ ജെറ്റിന് കഴിയാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കമ്പനിക്ക് ഇന്ധനം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതോടൊപ്പം മൂന്നര മാസമായി ശമ്പളം ലഭിക്കാതായതോടെ പൈലറ്റുമാര്‍ സമരവും ആരംഭിച്ചു. ഇവ രണ്ടും രൂക്ഷമായതോടെ ജെറ്റ് എയര്‍വേസ് നല്‍ക്കാലത്തേക്കെങ്കിലും ഇന്ത്യയുടെ ആകാശത്ത് നിന്ന് മാഞ്ഞു.