"രാജ്യം മുഴുവൻ ദേശീയപാത വികസിക്കുന്നു. നമ്മൾ മാത്രം വില്ലേജ് റോഡിനെക്കാൾ പരിതാപകരമായിരിക്കുന്നു. അതിന് വികസനം നടന്നേ തീരൂ."
കേരളത്തിൽ കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ ചെലവാക്കിയ 5,600 കോടി രൂപ യു.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ പിഴയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന "എന്റെ കേരളം" പ്രദർശന വിപണന മേളയുടെ ഭാഗമായി കണ്ണൂരിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യമാകെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയപാത വികസിപ്പിച്ചത്. ഇതിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു രൂപ പോലും ചെലവില്ല. പക്ഷേ, കേരളത്തിൽ അത് വികസിപ്പിക്കാൻ കഴിഞ്ഞില്ല. സംസ്ഥാനം ചെയ്യേണ്ട ഒരേ ഒരു കാര്യം സ്ഥലം ഏറ്റെടുക്കലായിരുന്നു. പക്ഷേ, നമ്മൾ തർക്കിച്ചു സമയം കളഞ്ഞു. ധാരണയുണ്ടാക്കാൻ യു.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ല. സർവകക്ഷിയോഗം ചേർന്ന് 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കാൻ ധാരണയായി. എന്നിട്ടും സ്ഥലമെടുപ്പ് നടന്നില്ല. പദ്ധതി യു.ഡി.എഫ് അവിടെ ഉപേക്ഷിച്ചു. - പിണറായി വിജയൻ വിശദീകരിച്ചു.
"ഇവിടെ നഷ്ടപ്പെട്ടത് നമ്മുടെ നാടിന്റെ മുന്നോട്ടുപോക്കിനുള്ള അവസരമാണ്. നഷ്ടപ്പെട്ട ആ സമയം തിരികെ കിട്ടില്ല. ആ പുരോഗതി നമുക്ക് നേടാനായില്ല."
2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ വീണ്ടും സ്ഥലമേറ്റെടുക്കൽ പ്രശ്നമായി. ദേശീയപാത അഥോറിറ്റി സ്ഥലംവിട്ടു. അവരെ എൽ.ഡി.എഫ് തിരികെ വിളിച്ചു. അവർ പുതിയ തർക്കം അവതരിപ്പിച്ചു. കേരളത്തിൽ ഉയർന്ന സ്ഥലവിലയാണ്. അതിനാൽ സംസ്ഥാനം സ്ഥലം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തൊരിടത്തും സ്ഥലമെടുപ്പ് സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. നമ്മൾ അത് ഉന്നയിച്ചു. തർക്കമായി. നാം ഗതികേടിലായി. രാജ്യം മുഴുവൻ ദേശീയപാത വികസിക്കുന്നു. നമ്മൾ മാത്രം വില്ലേജ് റോഡിനെക്കാൾ പരിതാപകരമായിരിക്കുന്നു. അതിന് വികസനം നടന്നേ തീരൂ. ആ വില കൊടുക്കാൻ സർക്കാരിന് കഴിയുകയുമില്ല. അവസാനം ഒത്തുതീർപ്പായി. ഗതികേട് കൊണ്ട് ഒരു കാര്യം സമ്മതിച്ചു. അല്ലെങ്കിൽ നമ്മെക്കൊണ്ട് സമ്മതിപ്പിച്ചു. ഏറ്റെടുക്കുന്ന സ്ഥളത്തിന്റെ വിലയിൽ 25% സംസ്ഥാനം വഹിക്കും. യു.ഡി.എഫ് സർക്കാർ കാണിച്ച കെടുകാര്യസ്ഥതയ്ത്ത് ഉള്ള പിഴയായിരുന്നു അത്. ആ 5600 കോടി രൂപ. - മുഖ്യമന്ത്രി ആരോപിച്ചു.

മേയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിലാണ് "എന്റെ കേരളം" മേള നടക്കുന്നത്. കണ്ണൂരിലെ എന്റെ കേരളം പതിപ്പിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നിർവഹിച്ചത്. മേയ് 12-ന് വൈകീട്ട് 7 മണിക്ക് പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ട് ഉണ്ടാകും. മേയ് 13-ന് രാത്രി തിരുവാതിര, കോൽകളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങൾ അരങ്ങേറും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ടൂറിസം, പൊതുമരാമത്ത്, കൃഷി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജലസേചനം, കായികം തുടങ്ങിയ വകുപ്പുകളുടെ 251 സ്റ്റാളുകളാണ് മേളയിൽ ഉള്ളത്.


