എന്‍പിഎസിൽ നിക്ഷേപിക്കുന്നതിലൂടെ, ആദായനികുതി ഇളവ് നേടാം. നികുതി ലാഭിക്കുന്നതിന് സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം

ദായ നികുതി ഇളവ് ലഭിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള സമയമാണിപ്പോള്‍. അത്ര അറിയപ്പെടാത്തതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ, നികുതി ലാഭിക്കുന്നതിന് സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS). നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നത് ഒരു പെന്‍ഷന്‍ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകള്‍ അടച്ച് പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രവാസികള്‍ക്കും എന്‍പിഎസില്‍ നിക്ഷേപം നടത്താം. നിക്ഷേപകര്‍ക്ക് തന്നെ ഏത് പെന്‍ഷന്‍ ഫണ്ട് വേണമെന്നതും തീരുമാനിക്കാം. 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയില്‍ ചേരാം. അവര്‍ക്ക് പദ്ധതിയില്‍ ചേര്‍ന്ന് 3 വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ ലഭിക്കും. എത്രയും നേരത്തെ പദ്ധതിയില്‍ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം.

നികുതി ഇളവ് എങ്ങനെ?

* എന്‍പിഎസിൽ നിക്ഷേപിക്കുന്നതിലൂടെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.

* ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1B) പ്രകാരം 50,000 രൂപ വരെ കിഴിവ് എൻപിഎസ് നിക്ഷേപങ്ങൾക്ക് മാത്രമായി ലഭ്യമാണ്.

* കൂടാതെ, കോർപ്പറേറ്റ് എന്‍പിഎസ് മോഡലിന് കീഴിലുള്ള വരിക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10% വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80Cസിസിഡി (2) പ്രകാരം അധിക നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഈ ആനുകൂല്യം 7.5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു

പഴയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ എടുക്കുന്നവർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന നികുതിയുമായി ബന്ധപ്പെട്ട എല്ലാ ഇളവുകളും ബാധകമാണ്, അതേസമയം പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ എടുക്കുന്നവർക്ക് കോർപ്പറേറ്റ് എൻപിഎസ് മോഡൽ ബാധകമാണ്.