ദില്ലി: ദേശീയപാതകളിലെ ടോള്‍ നിരക്കുകളില്‍ പരിഷ്കരണം വരുന്നു. ഇതിന്‍റെ ഭാഗമായി വാഹനങ്ങളുടെ തരംതിരിക്കല്‍ പുനര്‍ നിര്‍ണയിക്കാനും കേന്ദ്ര സര്‍ക്കാര്‍ നയം തയ്യാറാക്കുന്നതായാണ് വിവരം. ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് കരടുനയം തയ്യാറാക്കാന്‍ ഗതാഗത മന്ത്രാലയം കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബോസ്റ്റണ്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 

പുതിയ പരിഷ്കരണത്തിന്‍റെ ഭാഗമായി സ്വകാര്യ കാറുകളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. യാത്രവാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കരടുനയം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി മന്ത്രിസഭയുടെ അനുമതി തേടിയതായും റിപ്പോര്‍ട്ടുണ്ട്. 

2008 ലായിരുന്നു ഒടുവില്‍ ടോള്‍ നയം പുതുക്കിയത്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ടോള്‍ നയം പുതുക്കുന്നത്. പുതിയ നയത്തിലൂടെ വാഹനങ്ങളെ ലൈറ്റ്, ഹെവി എന്നിങ്ങനെ തരം തിരിക്കുന്നതിലെ മാനദണ്ഡങ്ങളും പുന:പരിശോധിക്കാനും നിര്‍ദ്ദേശം ഉളളതായാണ് റിപ്പോര്‍ട്ടുകള്‍.