Asianet News MalayalamAsianet News Malayalam

തെരുവ് കച്ചവടക്കാർക്ക് 10,000 രൂപ വായ്പ, കിസാൻ ക്രെഡിറ്റ് കാർഡ് ഇനി മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും

രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.  

nirmala sitaraman reveals more details about  special covid package
Author
Delhi, First Published May 14, 2020, 4:16 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൻ്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികൾ, വഴിയോരകച്ചവടക്കാർ, കർഷകർ എന്നിവർക്കുള്ള സഹായപദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നു പ്രഖ്യാപിച്ചു. 

കുടിയേറ്റ തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൗജന്യഭക്ഷ്യധാന്യം ലഭ്യമാകുമെന്ന് ധനമന്ത്രി അറിയിച്ചു.ജോലി നഷ്ടപ്പെട്ട് സ്വദേശത്തേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ചേർക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. 

കിസാൻ ക്രെഡിറ്റ് കാർഡുകൾ ഇനി ക്ഷീരകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കൂടി ലഭ്യമാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വഴിയോരകച്ചവടക്കാർക്ക് പതിനായിരം രൂപ വീതം വായ്പാ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെവിടെ നിന്നും റേഷൻ ലഭ്യമാകുന്ന ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വരുന്ന ഓഗസ്റ്റ് മുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രാജ്യത്തിൻ്റെ ഏതു കോണിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും. 

ധനമന്ത്രി ഇന്ന് നടത്തിയ പ്രഖ്യാപനങ്ങൾ - 

രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.  കിസാൻ ക്രെഡിറ്റ് കാർഡിലൂടെ രാജ്യത്തെ 25  ലക്ഷം കർഷകർക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക നൽകിയത്. 

3 കോടി കർഷകർക്ക് മൂന്ന് മാസത്തേക്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തിൽ ചിലവിട്ടു. ഈ പലിശയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല. 

ആകെ ഒൻപത് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.  ഇതിൽ മൂന്ന് പദ്ധതികൾ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും. കർഷകർക്കും ഗ്രാമീണ മേഖലയ്ക്കും തുടർന്നും പണലഭ്യത ഉറപ്പാക്കാൻ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി അറിയിച്ചു. 

11002 കോടി രൂപ കുടിയേറ്റ  തൊഴിലാളികളെ സഹായിക്കാൻ ഇതിനോടകം കൈമാറിയതാണ് ധനമന്ത്രി അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ നിധി മുഖേനയാണ്  ഈ തുക കൈമാറിയത്. അഭയ കേന്ദ്രങ്ങൾക്കും ഭക്ഷണം നല്കാനും കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 50 ശതമാനം പേർ വരെ കൂടുതൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. 

2.33 കോടി ആളുകളാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു വരെ 10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി നൽകി. തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.

കുടിയേറ്റ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കാൻ സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസനിധി ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതായി ധനമന്ത്രി പറഞ്ഞു. എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും അടുത്ത രണ്ട് മാസത്തേക്ക് സൗജന്യഭക്ഷ്യധാന്യം വിതരണം ചെയ്യും. തൊഴിലാളികളുടെ മിനിമം വേതനം 182-ൽ നിന്നും 202- ആയി ഉയ‍ർത്തി. 

റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും. അഞ്ച് കിലോ ഗോതമ്പോ അല്ലെങ്കിൽ അരിയോ നൽകും.ഇതോടൊപ്പം ഒരു കിലോ കടലയും വിതരണം ചെയ്യും. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം നൽകും. 

തൊഴിൽ മേഖലയിൽ ലിംഗനീതി ഉറപ്പാക്കും. തൊഴിലിടങ്ങളിൽ സ്ത്രീകൾ ഒരുതരത്തിലുള്ള വിവേചനവും നേരിടിരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കേന്ദ്രസർക്കാർ സ്വീകരിക്കും. 

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ കേന്ദ്രഭരണപ്രദേശത്ത് നിന്നോ ഇനി ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വാങ്ങാം. വരുന്ന ഓഗസ്റ്റ് മുതൽ രാജ്യത്തെ 67 കോടി ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. 

കുടിയേറ്റ തൊഴിലാളികൾക്കും നഗരമേഖലയിലെ ദരിദ്രർക്കുമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗപ്പെടുത്തി കുറഞ്ഞ തുകയ്ക്ക് വാടക വീടുകൾ സജ്ജമാക്കും. പൊതു,സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. നഗരമേഖലകളിൽ ഇതിനായി വാടക വീടുകൾ സജ്ജമാക്കും. 

മുദ്ര ശിശു വായ്പകളിൽ രണ്ട് ശതമാനം പലിശ സബ്സ്ഡി. 12 മാസത്തേക്ക് 2 ശതമാനം പലിശ ഇളവ്. പദ്ധതിക്കായി കേന്ദ്രസ‍ർക്കാ‍ർ 1500 കോടി നൽകും. ലഘു ഭവനവായ്പകൾക്കുള്ള പലിശ സബ്സിഡി മാർച്ച് 2021 വരെ നീട്ടി.

വഴിയോര കച്ചവടക്കാർക്ക് വായ്പ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 5000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. വഴിയോര കച്ചവടക്കാർക്ക് 10000 രൂപ വരെ വായ്പ ഈ പദ്ധതിയിലൂടെ വായ്പയായി നൽകും. 

6 ലക്ഷത്തിനും 18 ലക്ഷം ഇടയ്ക്ക് വരുമാനം ഉള്ളവർക്കാണ് പലിശ സബ്സിഡി  ലഭിക്കുക. 70000 കോടിയുടെ നിക്ഷേപം ഈ മേഖലയിൽ ഉണ്ടാവാൻ ഇതു സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.  വനവത്കരണത്തിന് തോട്ടം മേഖലയ്ക്കുള്ള കാംപ ഫണ്ടിൽ 6000 കോടി രൂപ കൂടി ലഭ്യമാകും. നബാർഡ് 30000 കോടി രൂപ കുടി ഗ്രാമീണ ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും നൽകും. 

രാജ്യത്തെ രണ്ടര കോടി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാകും. മത്സ്യത്തൊഴിലാളികൾക്കും ക്ഷീരക‍ർഷക‍ർക്കും ഇനി കിസാൻ ക്രെഡിറ്റ് കാ‍‍ർഡ് ലഭിക്കും. ഇവ‍‍ർക്ക് വായ്പ അനുവദിക്കാൻ രണ്ട് ലക്ഷം കോടി രൂപ വകയിരുത്തി. 

Follow Us:
Download App:
  • android
  • ios