ദില്ലി: അറുപത് വയസിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്കായി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജന (എംവിപിവൈ) എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്ക് മാസം തോറും 400 രൂപ ലഭിക്കും. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് 500 രൂപയും നല്‍കുന്നതാണ് പദ്ധതി.

ഈ പദ്ധതി നടപ്പാക്കാനായി 18,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പദ്ധതിയില്‍ അംഗമാകാന്‍ യോഗ്യരല്ല. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 36 ലക്ഷം ആളുകള്‍ പദ്ധതിയില്‍ അംഗമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. 

പ്രായമായവര്‍ക്ക് അന്തസും ആദരവും നല്‍കുന്നതിന്‍റെ ഭാഗമായാണ് ഈ പെന്‍ഷന്‍ പദ്ധതിയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഇതുവരെ രണ്ട് ലക്ഷം പേര്‍ പദ്ധതിയില്‍ ചേരാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.