എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10  ഇടപാടുകൾ  പൂർണമായും സൗജന്യമാണ് എന്ന് ധനമന്ത്രി  

ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല എന്നും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10 ഇടപാടുകൾ പൂർണമായും സൗജന്യമാണ് എന്നും ധനമന്തി അറിയിച്ചു. ചെക്ക്ബുക്കിന് മാത്രമാണ് ജിഎസ്ടി നികുതിയെന്നും അവർ കൂട്ടിച്ചേർത്തു.

ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ 18 ശതമാനം ജിഎസ്ടി ആണ് ചുമത്തിയിരിക്കുന്നത്. മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില ഉയർന്നു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് ജൂലൈ 18 മുതൽ 5 ശതമാനം നിരക്കിൽ ജിഎസ്ടി ഏർപ്പെടുത്തി. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏർപ്പെടുത്തി.

Read Also: റേഷൻ മണ്ണെണ്ണ വില 13 രൂപ കുറച്ചു; കേരളത്തിൽ കുറയില്ല, കാരണം ഇതാണ്

ഇരുപത്തിയഞ്ച് കിലോയിൽ താഴെയുള്ളതും ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ ധാന്യവര്‍ഗങ്ങള്‍ക്കാണ് പുതുതായി 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. അരി, മൈദ, തൈര് തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു. ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത തീരുമാനമാണ് നികുതി ചുമത്തുക എന്നുള്ളത് എന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 

ജിഎസ്‍ടി കൗൺസിലിന്‍റെ 47 -ാം യോഗത്തിലാണ്, കാർഷിക ഉത്പന്നങ്ങൾ അടക്കം ജിഎസ്ടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായത്. നിരവധി പ്രതിശേഷങ്ങൾക്ക് വഴിവെച്ച ഈ തീരുമാനങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പിന്നീട് വിശദീകരണം നൽകിയിരുന്നു.