അമേരിക്കയുടെ അപ്രതീക്ഷിത തീരുവ വര്ധനവില്‍ നട്ടംതിരിയുന്ന ഇന്ത്യന്‍ പാദരക്ഷാ വിപണിയെ കരകയറ്റാന്‍ സമഗ്രമായ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.

ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തിന് ആശ്വാസമായി 9,000 കോടി രൂപയുടെ കേന്ദ്ര സഹായ പാക്കേജ് വരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പാദരക്ഷകള്‍ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കം. അമേരിക്കയുടെ അപ്രതീക്ഷിത തീരുവ വര്ധനവില്‍ നട്ടംതിരിയുന്ന ഇന്ത്യന്‍ പാദരക്ഷാ വിപണിയെ കരകയറ്റാന്‍ സമഗ്രമായ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ചെരിപ്പുകള്‍ വരെ ഉള്‍പ്പെടുന്ന, മേഖലയുടെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നതാണ് പുതിയ പാക്കേജ്. നേരത്തെ, ഉല്‍പ്പാദനവുമായി ബന്ധിപ്പിച്ചുള്ള ഇന്‍സെന്റീവ് പദ്ധതി ആലോചിച്ചിരുന്നെങ്കിലും, സര്‍ക്കാര്‍ നയങ്ങളിലെ മാറ്റത്തെത്തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ വിപുലമായ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

പാക്കേജ് അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍: ചെരിപ്പ് നിര്‍മ്മാണത്തിനാവശ്യമായ സോളുകളും മറ്റ് ഘടകങ്ങളും നിര്‍മ്മിക്കാന്‍ ഇപ്പോഴും ചൈനയെയാണ് ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ ആശ്രയിക്കുന്നത്. ഇതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവയും തിരിച്ചടിയാകുന്നുണ്ട്. ഇലക്ട്രോണിക്‌സ് മേഖലയില്‍ ചെയ്തതുപോലെ, ചെരിപ്പ് നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാക്കേജ് സഹായിക്കും.

കയറ്റുമതി വര്‍ധിപ്പിക്കാന്‍: ലോകത്തിലെ രണ്ടാമത്തെ വലിയ പാദരക്ഷാ ഉല്‍പ്പാദകരാണ് ഇന്ത്യ. എന്നാല്‍ സ്‌പോര്‍ട്‌സ് ഷൂ വിപണിയില്‍ ചൈനയും വിയറ്റ്‌നാമും ബഹുദൂരം മുന്നിലാണ്. ഈ വിടവ് നികത്താനും യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും പുതിയ നീക്കം സഹായിക്കും.

ആശ്വാസമായി ജിഎസ്ടി

പാദരക്ഷകളുടെ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ മാറ്റം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. നേരത്തെ 1000 രൂപയ്ക്ക് താഴെയുള്ള ചെരിപ്പുകള്‍ക്ക് 12% വും അതിനു മുകളില്‍ 18% വും ആയിരുന്നു നികുതി. പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം, 1000 രൂപ മുതല്‍ 2500 രൂപ വരെയുള്ള പാദരക്ഷകളുടെ ജിഎസ്ടി 5% ആയി കുറച്ചു. 2500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 18% തന്നെ തുടരും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് ആഭ്യന്തര വിപണിയാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 61 ശതമാനവും ആഭ്യന്തര വിപണിയിലൂടെയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ, അമേരിക്കന്‍ തീരുവ വര്‍ധന പോലുള്ള തിരിച്ചടികളെ അതിജീവിക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു