ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും കൃത്രിമ വജ്രങ്ങള്‍ യഥാര്‍ത്ഥ വജ്രമെന്ന പേരില്‍ വിറ്റഴിക്കുന്നത് തടയുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം.

വജ്രം വാങ്ങുന്ന ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാന്‍ പുതിയ നിബന്ധനകളുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് . വിപണിയില്‍ ലഭ്യമായ വിവിധതരം വജ്രങ്ങളെ എങ്ങനെയൊക്കെ വിളിക്കാമെന്ന കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ബിഐഎസ് പുറത്തിറക്കി. വജ്രം വാങ്ങുമ്പോള്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും കൃത്രിമ വജ്രങ്ങള്‍ യഥാര്‍ത്ഥ വജ്രമെന്ന പേരില്‍ വിറ്റഴിക്കുന്നത് തടയുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം.

പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍:

ഡയമണ്ട് എന്നാല്‍ ഒറിജിനല്‍: മറ്റ് വിശേഷണങ്ങളില്ലാതെ 'ഡയമണ്ട്' എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് പ്രകൃതിദത്തമായ വജ്രമാണെന്ന് ഉറപ്പാക്കണം. ഇതിനെ 'നാച്ചുറല്‍', 'റിയല്‍', 'പ്രെഷ്യസ്' എന്നിങ്ങനെയും വിളിക്കാം.

പേരില്‍ ചുരുക്കപ്പേര് വേണ്ട: ലാബില്‍ നിര്‍മ്മിക്കുന്ന വജ്രങ്ങളെ 'ലബോറട്ടറി ഗ്രോണ്‍ ഡയമണ്ട്' എന്നോ 'ലബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്' എന്നോ തന്നെ പൂര്‍ണ്ണരൂപത്തില്‍ വിളിക്കണം. 'എല്‍ജിഡി', 'ലാബ് ഗ്രോണ്‍' തുടങ്ങിയ ചുരുക്കപ്പേരുകള്‍ ഔദ്യോഗിക രേഖകളിലോ പരസ്യങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ല.

തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ക്ക് വിലക്ക്: ലാബ് വജ്രങ്ങളെ വിശേഷിപ്പിക്കാന്‍ 'പ്യുവര്‍' , 'നേച്ചേഴ്‌സ്' , 'എര്‍ത്ത് ഫ്രണ്ട്ലി' , 'കള്‍ച്ചേര്‍ഡ്' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് ബിഐഎസ് നിരോധിച്ചു. ബ്രാന്‍ഡ് പേരുകള്‍ മാത്രം ഉപയോഗിച്ച് ലാബ് വജ്രങ്ങള്‍ വില്‍ക്കുന്നതും അനുവദിക്കില്ല.

വിശ്വാസം കാക്കാന്‍ പുതിയ നീക്കം നാച്ചുറല്‍ ഡയമണ്ട് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സംഘടനകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. വജ്രം വാങ്ങുന്ന ഉപഭോക്താവിന് താന്‍ വാങ്ങുന്നത് കൃത്യമായി എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് എന്‍ഡിസി അധികൃതര്‍ പറഞ്ഞു.

വിപണിയിലെ ആശയക്കുഴപ്പങ്ങള്‍ നീക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ സഹായിക്കുമെന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളും അഭിപ്രായപ്പെട്ടു. വജ്രം വാങ്ങുന്നവര്‍ ബില്ലിലും സര്‍ട്ടിഫിക്കറ്റിലും ഈ പുതിയ പേരുവിവരങ്ങള്‍ ശ്രദ്ധിക്കുന്നത് വഞ്ചിക്കപ്പെടാതിരിക്കാന്‍ സഹായിക്കും.