ട്രംപിന്റെ നടപടിയെ രാഷ്ട്രീയ ഭീഷണി, ഗുണ്ടായിസം, സ്വേച്ഛാധിപത്യം എന്ന് രാംദേവ് വിശേഷിപ്പിച്ചു

ദില്ലി: പെപ്‌സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ അമേരിക്കൻ കമ്പവനികളുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് ബാബ രാംദേവ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ബാബ രാംദേവ്. 25 % നികുതിക്ക് പുറമേ 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത് റഷ്യയിൽ നിന്നും ക്രൂഡ് വാങ്ങുന്നതിന്റെ പ്രതികാരമായാണ്. അമേരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണമായും ബഹിഷ്‌കരിക്കണമെന്നാണ് രാംദേവിന്റെ ആഹ്വാനം.

ട്രംപിന്റെ നടപടിയെ രാഷ്ട്രീയ ഭീഷണി, ഗുണ്ടായിസം, സ്വേച്ഛാധിപത്യം എന്ന് രാംദേവ് വിശേഷിപ്പിച്ചു. അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം താരിഫുകളെ ഇന്ത്യൻ പൗരന്മാർ ശക്തമായി എതിർക്കണം. അമേരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണ്ണമായും ബഹിഷ്കരിക്കണം എന്നാണ് രാംദേവ് ആഹ്വാനം ചെയ്തിരിക്കുന്നത്.

പെപ്സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്ഡൊണാൾഡ്‌സ് എന്നിവയുടെ കൗണ്ടറുകളിൽ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. ഇത്രയും വലിയ ബഹിഷ്‌കരണം നടത്തണം. ഇങ്ങനെ സംഭവിച്ചാൽ അമേരിക്കൻ കമ്വനികൾക്ക തിരിച്ചടി ലഭിക്കും. ട്രംപ് തന്നെ ഈ താരിഫുകൾ പിൻവലിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് അമേരിക്കയിൽ പണപ്പെരുപ്പം വർദ്ധിക്കും. ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതിലൂടെ ട്രംപ് ഒരു മണ്ടത്തരം ചെയ്തു എന്നും രാംദേവ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പുതിയ താരിഫുകൾ ഗുജറാത്ത് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് ചെറുകിട കയറ്റുമതിക്കാർക്കും തൊഴിലുകൾക്കും ഭീഷണിയാകുന്നു, മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ഇത് ബാധിക്കുമെന്നും രാംദേവ് പറഞ്ഞു