'ചെറുകിട, കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല': ധനമന്ത്രി
കുടുംബശ്രീ, ചെറുകിട- പലചരക്ക് കടകൾ എന്നിവയിൽ നിന്നുള്ള സാധനങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാനം. കേന്ദ്രവുമായി പ്രശ്നമുണ്ടായാലും ഇതിൽ വിട്ടു വീഴ്ചയില്ല എന്ന് ധനമന്ത്രി

തിരുവന്തപുരം: കുടുംബശ്രീ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വില്പന നടത്തുന്ന ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് ജിഎസ്ടി (GST)ചുമത്തില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ അവശ്യ സാധങ്ങൾക്ക് മുകളിൽ ചരക്ക് സേവന നികുതി ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഒന്നോ രണ്ടോ കിലോഗ്രാം തൂക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ചെറുകിട കച്ചവടക്കാരിൽ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരിൽ നിന്നും, അവരുടെ ഉത്പന്നങ്ങൾക്ക് നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാരുമായുള്ള പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
Read Also: കുടുംബ ബജറ്റ് താളം തെറ്റും; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില
"ചെറുകിട കച്ചവടക്കാരിൽ നിന്നും കടകളിൽ നിന്നും ചെറിയ തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കാൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സർക്കാരുമായി പ്രശ്‌നങ്ങൾക്ക് ഇടയാക്കിയാലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല" എന്ന് ധനമന്ത്രി അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളിൽ ഒന്നാണ് കേരള സർക്കാരിന്റെ കുടുംബശ്രീ. ഒന്നോ രണ്ടോ കിലോ തൂക്കം വരുന്ന കാർഷിക ഉത്പന്നങ്ങൾ അടക്കമുള്ള പാക്കറ്റ് സാധനങ്ങൾ കുടുംബശ്രീ വില്പന നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ തന്നെയാണ് കുടുംബശ്രീ ഈ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാറുള്ളത്. പാക്കറ്റ്, ലേബൽ ചെയ്ത സാധനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി നൽകേണ്ടി വരുന്നത് കുടുംബശ്രീ പോലുള്ള ചെറുകിട കച്ചവടക്കാർക്ക് വലിയ തിരിച്ചടിയാകും.
Read Also : വില കൂട്ടി മിൽമ, പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് നാളെ വില കൂടും
ജിഎസ്‍ടി കൗൺസിലിന്‍റെ 47 -ാം യോഗത്തിലാണ്, കാർഷിക ഉത്പന്നങ്ങൾ അടക്കം ജിഎസ്ടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായത്. തിങ്കളാഴ്ച ഇത് പ്രാബല്യത്തിൽ വന്നതോടെ മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില വർധിച്ചു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ ഇന്ന് മുതൽ 18 ശതമാനം ജിഎസ്ടി ഉണ്ടാകും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും.