ഇറാനെതിരെ സൈനിക നടപടിക്ക് പകരം സാമ്പത്തിക യുദ്ധത്തിന് അമേരിക്ക ഒരുങ്ങുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ അടച്ച് സമ്പദ്‌വ്യവസ്ഥയെ തകർക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനെതിരെയുള്ള യുദ്ധത്തില്‍ തന്ത്രം മാറ്റി അമേരിക്ക. അതിര്‍ത്തികളില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിന് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും കൊട്ടിയടച്ച് രാജ്യത്തെ ശ്വാസം മുട്ടിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുകയോ സമാധാന ചര്‍ച്ചകള്‍ വിജയിക്കുകയോ ചെയ്തില്ലെങ്കില്‍, ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന 'സാമ്പത്തിക യുദ്ധം' ആരംഭിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

'സാമ്പത്തിക ബോംബാക്രമണം'

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബെസന്റ് അമേരിക്കയുടെ പുതിയ നീക്കങ്ങളെ കുറിച്ച് വിശദീകരിച്ചത്. ഇറാനു മേല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഒരു ബോംബാക്രമണത്തിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഇറാന്റെ പണം സൂക്ഷിക്കുന്ന വിദേശ ബാങ്കുകള്‍ക്കുമെതിരെ 'സെക്കന്‍ഡറി ഉപരോധം' ഏര്‍പ്പെടുത്താനാണ് തീരുമാനം. അതായത്, ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും അമേരിക്കയുടെ സാമ്പത്തിക ശൃംഖലയില്‍ നിന്ന് പുറത്താക്കും.

ഇതുസംബന്ധിച്ച് ചൈന, ഹോങ്കോങ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഒമാന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് ട്രഷറി വകുപ്പ് കത്തയച്ചു കഴിഞ്ഞു. ഇറാന്റെ നിയമവിരുദ്ധമായ പണമിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് കടുത്ത മുന്നറിയിപ്പ്.

ലക്ഷ്യം 'ഗ്രാന്‍ഡ് ബാര്‍ഗെയ്ന്‍'

ഇറാനെ ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഡൊണാള്‍ഡ് ട്രംപ് ഈ സാമ്പത്തിക നീക്കങ്ങള്‍ നടത്തുന്നത്. ഇറാന്‍ തങ്ങളുടെ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

എണ്ണക്കടത്ത് ശൃംഖലയ്ക്ക് പൂട്ടിട്ടു

ഇതിനിടെ, ഇറാന്റെയും റഷ്യയുടെയും എണ്ണ രഹസ്യമായി കടത്തി വിറ്റിരുന്ന ഒരു വലിയ ശൃംഖലയെ അമേരിക്ക കഴിഞ്ഞ ദിവസം തകര്‍ത്തു. ഇറാനിലെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അലി ഷംഖാനിയുമായി ബന്ധപ്പെട്ട എണ്ണക്കടത്ത് സംഘത്തിന് മേലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളും കപ്പലുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍

അതേസമയം, പുതിയ ഉപരോധങ്ങള്‍ ഫലം കാണില്ലെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. ഡൊണാള്‍ഡ് ട്രംപ് തന്നെ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ പരിഹരിക്കാനാണ് ട്രഷറി സെക്രട്ടറി ശ്രമിക്കുന്നതെന്ന് സെനറ്റര്‍ എലിസബത്ത് വാരന്‍ കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളും എണ്ണവില വര്‍ദ്ധനയും ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാവുകയാണ് ചെയ്തതെന്നാണ് ഇവരുടെ പക്ഷം. സഖ്യകക്ഷികളെ പിണക്കിക്കൊണ്ടുള്ള ഇത്തരം കടുത്ത നീക്കങ്ങള്‍ തിരിച്ചടിക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.