ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തതോടെ, വലിയ വിലക്കിഴിവില്‍ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിരുന്നു.

ഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസ് ഭീഷണി ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? പല തരത്തിലുള്ള വിശകലനമാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തതോടെ, വലിയ വിലക്കിഴിവില്‍ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇത് ആഗോളതലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സഹായിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 85% ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ചരിത്രപരമായി പശ്ചിമേഷ്യയായിരുന്നു പ്രധാന വിതരണക്കാര്‍ എങ്കിലും, കഴിഞ്ഞ മൂന്ന് വര്‍ഷമായി റഷ്യ ഈ സ്ഥാനത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് യുഎസിന്റെ ഭീഷണി ഉണ്ടായിരിക്കുന്നത്.

ട്രംപിന്റെ ഭീഷണിയും ഉപരോധ സാധ്യതകളും

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നിലപാടില്‍ അതൃപ്തനായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആഴ്ച ആദ്യം റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റഷ്യ സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ 50 ദിവസത്തെ സാവകാശത്തിന് ശേഷമായിരിക്കും ഇത് നടപ്പിലാക്കുക. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയും സമാനമായ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ റഷ്യയുമായി ബിസിനസ്സ് തുടരുകയാണെങ്കില്‍ 100% സെക്കന്ററി തീരുവകള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുടിനെ യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഗൗരവമായി ഇടപെടാന്‍ പ്രേരിപ്പിക്കാനും അദ്ദേഹം ഈ രാജ്യങ്ങളിലെ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം 'സാങ്ഷനിംഗ് റഷ്യ ആക്റ്റ് ഓഫ് 2025' എന്ന നിയമനിര്‍മ്മാണത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഇത് റഷ്യന്‍ എണ്ണ, വാതകം, പെട്രോകെമിക്കല്‍സ്, യുറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് 500% താരിഫ് ഭീഷണി ഉയര്‍ത്തുന്നു.

സെക്കന്‍ഡറി താരിഫുകള്‍ എന്നാല്‍ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ 100% താരിഫ് നേരിടേണ്ടി വരും എന്നതാണ്. റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാര്‍ ഇന്ത്യയും ചൈനയുമാണ്. മുമ്പ്, 2019-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് ഇറാനിയന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് സെക്കന്‍ഡറി ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തേണ്ടി വന്നിരുന്നു.

ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ കഴിയുമോ?

യുഎസ് ഉപരോധ ഭീഷണികളെ ഇന്ത്യ കാര്യമാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കി, ചൈന, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്നത് ആഗോള ഊര്‍ജ്ജ വില നിയന്ത്രിക്കാന്‍ സഹായിച്ചുവെന്നും, ഇത് നിര്‍ത്തിയിരുന്നെങ്കില്‍ ക്രൂഡ് വില ബാരലിന് 120-130 ഡോളറിലേക്ക് ഉയര്‍ന്നേനെ എന്നും മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ട്രംപിന്റെയും നാറ്റോയുടെയും സെക്കന്‍ഡറി ഉപരോധ ഭീഷണികള്‍ റഷ്യയുമായുള്ള ഒരു വിലപേശല്‍ തന്ത്രം മാത്രമായിരിക്കാം എന്ന് പുരിയുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നു. റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ചില നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും മൂന്നാം രാജ്യങ്ങള്‍ വഴി ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ 2027 ഓടെ റഷ്യന്‍ വാതക ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്താന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും, പല രാജ്യങ്ങളും ഇപ്പോഴും റഷ്യന്‍ വാതകത്തെയും ശുദ്ധീകരിച്ച എണ്ണയെയും ആശ്രയിക്കുന്നുണ്ട്. 2024-ല്‍ യൂറോപ്യന്‍ യൂണിയന്റെ പ്രകൃതി വാതക ഇറക്കുമതിയുടെ 18% റഷ്യയില്‍ നിന്നായിരുന്നു

ട്രംപിന്റെ ഭീഷണി

ട്രംപിന്റെ സെക്കന്‍ഡറി ഉപരോധ ഭീഷണികളോട് എണ്ണ വിപണി കാര്യമായി പ്രതികരിച്ചില്ല. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 69 ഡോളറിനടുത്താണ് വ്യാപാരം നടന്നത്. ഉപരോധം നടപ്പാക്കിയാല്‍, വില ബാരലിന് 120 ഡോളറോ അതില്‍ കൂടുതലോ ആകുമെന്നും, ഇത് ട്രംപിന്റെ കുറഞ്ഞ ഊര്‍ജ്ജ വില എന്ന ലക്ഷ്യത്തെ തകിടം മറിക്കുമെന്നും ആഗോള വിലക്കയറ്റത്തിന് ആക്കം കൂട്ടുമെന്നും വിദഗ്ധര്‍ പറഞ്ഞു. റഷ്യ പ്രതിദിനം ഏകദേശം 4.5-5.0 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്, ഇത് ആഗോള ഡിമാന്റിന്റെ ഏകദേശം 5% ആണ്. കൂടാതെ, പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരല്‍ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്.

റഷ്യന്‍ എണ്ണയില്ലാതെ ഇന്ത്യക്ക് എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാം?

ട്രംപും നാറ്റോയുടെ റൂട്ടെയും ഭീഷണിപ്പെടുത്തിയത് പോലെ സെക്കന്‍ഡറി ഉപരോധം വന്നാല്‍, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 33%-ല്‍ അധികം വരുന്ന റഷ്യന്‍ എണ്ണയില്ലാതെ ഇന്ത്യ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും? സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നടത്തിയ ഒരു വിശകലനം അനുസരിച്ച്, റഷ്യന്‍ എണ്ണയ്ക്ക് നിരോധനം വന്നതിന് ശേഷം ചൈന റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ 47% വാങ്ങി, തൊട്ടുപിന്നില്‍ ഇന്ത്യ (38%), യൂറോപ്യന്‍ യൂണിയന്‍ (6%), തുര്‍ക്കി (6%) എന്നിവയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 2.1% മാത്രമായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 35.1% ആയി ഉയര്‍ന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 2,256 ദശലക്ഷം ഡോളറിന്റെ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നു - മൂന്ന് വര്‍ഷത്തിന് ശേഷം ഈ തുക 50,285 ദശലക്ഷം ഡോളറായി വര്‍ദ്ധിച്ചു. ഈ വര്‍ഷം ജനുവരി-ജൂണ്‍ മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി അല്പം വര്‍ദ്ധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും നയാര എനര്‍ജിയും മൊത്തം വാങ്ങിയ എണ്ണയുടെ പകുതിയോളം റഷ്യയില്‍ നിന്നായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ, ഈ വര്‍ഷം ജനുവരി-ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം ഏകദേശം 1.75 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു, ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 1% കൂടുതലാണ്.

ട്രംപിന്റെ നീക്കം എണ്ണ വിതരണത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയില്ലെന്നും, എന്നാല്‍ റഷ്യന്‍ ക്രൂഡിന്റെ കുറഞ്ഞ വില എന്ന ആകര്‍ഷണം ഇല്ലാതാക്കാമെന്നും ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ പ്രതീക്ഷിക്കുന്നു. സെക്കന്‍ഡറി താരിഫുകള്‍ രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുകയും എല്ലാ ഉല്‍പ്പന്ന കയറ്റുമതിയെയും ബാധിക്കുകയും ചെയ്യുന്നതിനാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കും. കാരണം, ഉപരോധങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ലഭിക്കുന്ന നേട്ടത്തേക്കാള്‍ ചെലവേറിയതായിരിക്കും.

റഷ്യന്‍ എണ്ണയുടെ കുറവ് നികത്താന്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് പരമ്പരാഗത പശ്ചിമേഷ്യന്‍ വിതരണക്കാരെയും ബ്രസീല്‍ പോലുള്ള പുതിയ രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വരും. എന്നിരുന്നാലും, ഇവയ്ക്ക് ഏകദേശം 4-5 ഡോളര്‍/ബാരല്‍ അധിക ചിലവ് വരും.