ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയിലെ രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുക്കാനൊരുങ്ങുന്നു. പുതിയ പെട്രോളിയം നിയമത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതോടൊപ്പം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യയിലെ സാഖലിന്‍-1 പദ്ധതിയില്‍ നിന്ന് ഒഎന്‍ജിസിയുടെ വരുമാനം ഇരട്ടിയായതും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് വലിയ കരുത്താകും.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള വെനസ്വേലയില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. വെനസ്വേലയുടെ പുതിയ പെട്രോളിയം നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഇന്ത്യയിലെ മുന്‍നിര ഊര്‍ജ്ജ പര്യവേക്ഷണ കമ്പനിയായ ഒഎന്‍ജിസി ഏറ്റെടുത്തേക്കും. ഒഎന്‍ജിസിയുടെ വിദേശ നിക്ഷേപ വിഭാഗമായ ഒഎന്‍ജിസി വിദേശിന് വെനസ്വേലയിലെ സാന്‍ ക്രിസ്റ്റോബല്‍ എണ്ണപ്പാടത്തില്‍ നിലവില്‍ 40 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതിനുപുറമെ, മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം കാരാബോബോ-1 പദ്ധതിയില്‍ 18 ശതമാനം ഓഹരിയുമുണ്ട്. അമേരിക്കന്‍ ഉപരോധവും അതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും കാരണം വെനസ്വേലയിലെ പ്രവര്‍ത്തനങ്ങള്‍ ഒഎന്‍ജിസി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ മാറ്റങ്ങള്‍ കമ്പനിക്ക് വലിയ കരുത്തേകും.
പുതിയ പെട്രോളിയം നിയമത്തിന് കീഴില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ വെനസ്വേല വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ സമാനമായ ഭൂപ്രകൃതിയുള്ള എണ്ണപ്പാടങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള മികച്ച വൈദഗ്ധ്യം ഒഎന്‍ജിസിക്കുണ്ട്. വളരെ വേഗം തന്നെ പുതിയ കരാറുകളില്‍ ഒപ്പുവെക്കുമെന്നും ചില പ്രൊജക്റ്റുകളുടെ നടത്തിപ്പ് ചുമതല വെനസ്വേലന്‍ എണ്ണക്കമ്പനിയായ പിഡിവിഎസ്എ-യില്‍ നിന്ന് ഒഎന്‍ജിസി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം കൂട്ടാനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും ഈ നീക്കം സഹായിക്കും.
റഷ്യയിലെ സാഖലിന്‍-1 വരുമാനത്തില്‍ വന്‍ കുതിപ്പ്
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബറില്‍ റഷ്യയിലെ സാഖലിന്‍-1 (ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൊജക്റ്റിലെ 20% ഓഹരികള്‍ ഒഎന്‍ജിസി തിരികെ വാങ്ങിയിരുന്നു. ഇതോടെ ഈ പദ്ധതിയില്‍ നിന്നുള്ള കമ്പനിയുടെ ത്രൈമാസ വരുമാനത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. നേരത്തെ 500-600 കോടി രൂപയായിരുന്ന വരുമാനം ഇതോടെ 1000 കോടി രൂപയായിവര്‍ധിച്ചു.
2022 ഫെബ്രുവരിയിലെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ സാഖലിന്‍-1 പദ്ധതിയുടെ നിയന്ത്രണം പുതിയൊരു റഷ്യന്‍ ഓപ്പറേറ്റര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന്, റഷ്യയില്‍ മരവിപ്പിച്ചിരുന്ന ലാഭവിഹിതം ഉപയോഗിച്ച് സാഖലിന്‍-1 അബാന്‍ഡന്‍മെന്റ് ഫണ്ടിലേക്ക് പണമടച്ചാണ് ഒഎന്‍ജിസി തങ്ങളുടെ 20% ഓഹരി നിലനിര്‍ത്തിയത്. അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ വ്യവസ്ഥകള്‍ പാലിച്ച് തങ്ങളുടെ നിക്ഷേപം സംരക്ഷിക്കാന്‍ ഈ നീക്കത്തിലൂടെ ഒഎന്‍ജിസി വിദേശിന് കഴിഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്ക് നിര്‍ണായകം
വെനസ്വേലയിലെയും റഷ്യയിലെയും ഈ പുതിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്ക് നല്‍കുന്ന കരുത്ത് ചെറുതല്ല. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വെനസ്വേലയിലെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിലൂടെ ഒഎന്‍ജിസിയുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒപ്പം റഷ്യയിലെ സാഖലിന്‍-1 പദ്ധതിയില്‍ നിന്നുള്ള സ്ഥിരവരുമാനവും കമ്പനിക്ക് നേട്ടമാകും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഉറപ്പാക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.


