ദില്ലി: ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്ന് റിപ്പോർട്ട്. മൊത്ത വിപണിയിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിലെ വിലയേക്കാള്‍ 80 ശതമാനം കുറവാണിത്. പുതുതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാര്‍ഷികോത്പാദന വിപണന സമിതി അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി.

സാധാരണയായി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ഉള്ളിക്ഷാമം രൂക്ഷമാക്കുകയുമായിരുന്നു. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ളി വില 200 രൂപ നിലവാരത്തിൽ എത്തിയിരുന്നു. പിന്നീടത് 120 മുതൽ 150 വരെയായി കുറഞ്ഞിരുന്നു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്പന.