നേരത്തെ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആദ്യമായി ഈ ചിഹ്നത്തിനായി അപേക്ഷ നല്‍കിയത്.

ന്ത്യ പാകിസ്ഥാനെതിരെ നടത്തിയ സൈനിക നടപടിക്ക് നല്‍കിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് ട്രേഡ്മാര്‍ക്കാക്കി മാറ്റി സ്വന്തമാക്കാനായി നിരവധി അപേക്ഷകള്‍. യുഎസ്, യുകെ എന്നിവിടങ്ങളിലും ഇന്ത്യയില്‍ കുറഞ്ഞത് 14 അപേക്ഷകളുമാണ് ഇതിനോടകം ഫയല്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള രോഹിത് ബഹ്റാനി എന്ന വ്യക്തി മെയ് 9 ന് വ്യാപാരമുദ്രയ്ക്കായി അപേക്ഷ നല്‍കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. 'ഉപയോഗിക്കാനുള്ള ഉദ്ദേശത്തോടെ' ആണ് ഈ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതായത്, അപേക്ഷകന്‍ ഇതുവരെ ഈ ചിഹ്നം വാണിജ്യപരമായി ഉപയോഗിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, യുകെയിലെ ഇന്‍റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിലും മെയ് 8 ന് ഇതേ പേര് സ്വന്തമാക്കുന്നതിനുള്ള അപേക്ഷ ലഭിച്ചു. ഇംഗ്ലണ്ടിലെ ഡെവണില്‍ താമസിക്കുന്ന വികാസ് മഹാജനാണ് ഇത് ഫയല്‍ ചെയ്തത്. ബാര്‍ ആന്‍ഡ് ബെഞ്ച് പറയുന്നതനുസരിച്ച്, പരസ്യം, ടെലികോം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളെ ഉള്‍ക്കൊള്ളുന്ന മേഖലയിലാണ് ഈ അപേക്ഷ ലഭിച്ചിരിക്കുന്നത്. നേരത്തെ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആദ്യമായി ഈ ചിഹ്നത്തിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ അപേക്ഷ പിന്‍വലിച്ചു.

എന്താണ് വ്യാപാരമുദ്ര അഥവാ ട്രേഡ്മാര്‍ക്ക്?

ഒരു പ്രത്യേക ചിഹ്നം (ലോഗോ, പേര്, വാചകം തുടങ്ങിയവ) വ്യാപാരമുദ്രയായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു ഔദ്യോഗിക അപേക്ഷയാണ് വ്യാപാരമുദ്രാ അപേക്ഷ. ഇത് ഇന്‍റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഇന്ത്യ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലാണ് സമര്‍പ്പിക്കുന്നത്. ഒരു ബിസിനസ്സിനെ തിരിച്ചറിയുന്നത് ലോഗോ, പേര്, തുടങ്ങിയ ബ്രാന്‍ഡ് ഘടകങ്ങളിലൂടെയാണ്. അതിനാല്‍, ഉല്‍പ്പന്നങ്ങളെയോ സേവനങ്ങളെയോ തിരിച്ചറിയുന്ന വാക്ക്, വാചകം, ചിഹ്നം, ഡിസൈന്‍ അല്ലെങ്കില്‍ ഇവയുടെ സംയോജനവും ഒരു വ്യാപാരമുദ്രയാകാം. വിപണിയില്‍ ഒരു ബിസിനസ്സിനെ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനും എതിരാളികളില്‍ നിന്ന് വേര്‍തിരിച്ചറിയാനും ഇത് സഹായിക്കുന്നു.

വ്യാപാരമുദ്രാ/ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ എന്നാല്‍ എന്ത്?

ഇന്‍റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഇന്ത്യയുടെ കീഴിലുള്ള വ്യാപാരമുദ്രാ രജിസ്ട്രിയില്‍ ഔദ്യോഗികമായി അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത ഒരു ചിഹ്നമാണ് രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്ര. വ്യാപാരമുദ്രാ രജിസ്ട്രേഷന്‍ ഒരു വ്യക്തിക്ക് ആ പ്രത്യേക ചിഹ്നം, പേര് തുടങ്ങിയവയുടെ ഉപയോഗത്തിന്മേല്‍ പ്രത്യേക അവകാശങ്ങളും നിയമപരമായ സംരക്ഷണവും നല്‍കുന്നു. ഇത് രാജ്യത്തുടനീളം സംരക്ഷണം നല്‍കുകയും അനധികൃത ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഒരു സൈനിക നടപടിയുടെ രഹസ്യ കോഡ് വ്യാപാരമുദ്രയാക്കാന്‍ കഴിയുമോ?

ഇന്ത്യയില്‍, 'ഓപ്പറേഷന്‍ സിന്ദൂര്‍' പോലുള്ള സൈനിക നടപടികളുടെ രഹസ്യ കോഡുകള്‍ക്ക് സര്‍ക്കാര്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നല്‍കുന്നില്ലെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയം സാധാരണയായി ഇത്തരം പേരുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ വാണിജ്യവല്‍ക്കരിക്കുകയോ ചെയ്യാറില്ല. എന്നിരുന്നാലും, ട്രേഡ് മാര്‍ക്ക്സ് ആക്റ്റ്, 1999 പ്രകാരം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ, അനാവശ്യമായതോ അല്ലെങ്കില്‍ പൊതുനയത്തിന് വിരുദ്ധമായതോ ആയ വ്യാപാരമുദ്രകള്‍ നിരസിക്കാന്‍ രജിസ്ട്രിക്ക് സാധിക്കും