ബോളിവുഡ് താരം അക്ഷയ് കുമാർ മുംബൈയിലെ മുലുണ്ട് വെസ്റ്റ്, ബോറിവാലി എന്നിവിടങ്ങളിലായുള്ള നാല് ആഡംബര അപ്പാർട്ട്മെന്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ചു. 2017-ൽ വാങ്ങിയ ഫ്ലാറ്റുകൾക്ക് ഏകദേശം 99% വരെ ലാഭമാണ് താരത്തിന് നിലവിലെ വിൽപ്പനയിലൂടെ ലഭിച്ചത്.
മുംബൈയിലെ ആഡംബര ഫ്ലാറ്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയിലെ മുലുണ്ട് വെസ്റ്റ്, ബോറിവാലി എന്നീ പ്രദേശങ്ങളിലായുള്ള നാല് ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് താരം അടുത്തിടെ വിറ്റഴിച്ചത്. പ്രമുഖ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഡാറ്റാ വെബ്‌സൈറ്റായ 'സിആർഇ മാട്രിക്സ്' (CRE Matrix) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളത്.
മുലുണ്ട് വെസ്റ്റിലെ 'ഒബറോയ് എനിഗ്മ' ഡീൽ, മുലുണ്ട് വെസ്റ്റിലെ എൽബിഎസ് റോഡിലുള്ള 'ഒബറോയ് എനിഗ്മ' (Oberoi Enigma) എന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റിലെ രണ്ട് ആഡംബര ഫ്ലാറ്റുകളാണ് അക്ഷയ് കുമാർ വിറ്റത്. ഓരോ ഫ്ലാറ്റിനും 6.19 കോടി രൂപ വീതം വച്ച് 2.38 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ കൈകളിലെത്തിയത്. ബി ടവറിലെ പതിനെട്ടാം നിലയിലുള്ള രണ്ട് ഫ്ലാറ്റുകൾക്കും 1,886 ചതുരശ്ര അടി വീതമാണ് (RERA കാർപെറ്റ് ഏരിയ) വിസ്തീർണം.ഓരോ ഇടപാടിനും 37.14 ലക്ഷം രൂപ വീതം ആകെ 74.28 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് കാറുകൾ ഒരുമിച്ച് പാർക്ക് ചെയ്യാവുന്ന തരത്തിലുള്ള പാർക്കിംഗ് സൗകര്യങ്ങൾ വീതം ഈ ഫ്ലാറ്റുകൾക്കുണ്ട്. സണ്ണി ഹോം കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ രണ്ട് ഫ്ലാറ്റുകളും വാങ്ങിയത്. 2017 ഒക്ടോബറിലാണ് അക്ഷയ് കുമാർ ഒബറോയ് കൺസ്ട്രക്ഷൻസിൽ നിന്ന് ഈ പ്രോപ്പർട്ടി വാങ്ങിയത്.
മുംബൈയിലെ ബോറിവാലിയിലെ സ്കൈ സിറ്റി പ്രോജക്റ്റിലെ രണ്ട് ഫ്ലാറ്റുകളും താരം നേരത്തെ വിറ്റഴിച്ചിരുന്നു. 7.1 കോടി രൂപയ്ക്കാണ് ഇത് വിറ്റു പോയത്. 35-ാം നിലയിലുള്ള ഈ ഫ്ലാറ്റുകളിൽ വലിയതിന് (1,101 ചതുരശ്ര അടി) 5.75 കോടി രൂപയും, ചെറിയതിന് (252 ചതുരശ്ര അടി) 1.35 കോടി രൂപയുമാണ് വില ലഭിച്ചത്. ഇതിനായി 35.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. 2017 നവംബറിൽ ഏകദേശം 3.68 കോടി രൂപയ്ക്കാണ് അക്ഷയ് കുമാർ ഈ ഫ്ലാറ്റുകൾ വാങ്ങിയത്. നിലവിലെ വിൽപ്പനയിലൂടെ ഏകദേശം 99% ശതമാനത്തോളം ലാഭമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിലും ഇതേ സ്കൈ സിറ്റി പ്രോജക്റ്റിലെ മറ്റ് രണ്ട് ഫ്ലാറ്റുകൾ അക്ഷയ് കുമാർ 7.1 കോടി രൂപയ്ക്ക് വിറ്റിരുന്നു. കൊവിഡിന് ശേഷം മുംബൈയിലെ സബർബൻ മേഖലകളിൽ ആഡംബര വീടുകൾക്ക് വൻ ഡിമാൻഡും വിലവർദ്ധനവും ഉണ്ടായതാണ് താരത്തിന് ഈ വൻ ലാഭം നേടിക്കൊടുത്തത്.


