Asianet News MalayalamAsianet News Malayalam

സംരംഭകർക്ക് പരാതിയുണ്ടോ? കേൾക്കാൻ വ്യവസായമന്ത്രി നേരിട്ടെത്തും; 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയുമായി പി രാജീവ്

ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവരേയോ തുടങ്ങാൻ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരിൽ കാണുക

p rajeev starts meet the minister program for entrepreneurs complaints
Author
Kochi, First Published Jul 8, 2021, 6:02 PM IST

കൊച്ചി: വ്യവസായസംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കാൻ വ്യവസായി മന്ത്രി പി രാജീവ് മീറ്റ് ദ മിനിസ്റ്റർ പരിപാടി തുടങ്ങുന്നു. കിറ്റക്സ് ഉയർത്തിയ പരാതിക്ക് പിന്നാലെയാണ് വ്യവസായമന്ത്രി ജില്ലകളിൽ മീറ്റ് ദി മിനിസ്റ്റർ പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത വ്യാഴാഴ്ച മുതലാണ് പരിപാടി. ജില്ലാകേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ  പരാതികൾ മന്ത്രിയെ നേരിട്ട് അറിയിക്കാം. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡയറക്ടർ തദേദശവകുപ്പ്  ലീഗൽ മെട്രോളജി ഉൾപ്പടെ വിവിധ വകുപ്പ് മേധവികളും പരിപാടിയിൽ മന്ത്രിക്കൊപ്പം പങ്കെടുക്കും. ഏറണാകുളത്താണ് ആദ്യപരിപാടി. 16ന് തിരുവനന്തപുരത്തും 19ന് കോട്ടയത്തുമാണ് മിറ്റ് ദ മിനിസ്റ്റർ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. വ്യാവസായസംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തും.

മന്ത്രിയുടെ ഓഫീസിൻ്റെ അറിയിപ്പ്

ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവരേയോ തുടങ്ങാൻ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരിൽ കാണുക. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, ചുമതലയുള്ള ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും. എറണാകുളം - ജൂലൈ 15 രാവിലെ 10, തിരുവനന്തപുരം - ജൂലൈ 16 ഉച്ചക്ക് 2, കോട്ടയം ജൂലൈ 19 രാവിലെ 10 എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിനായി വ്യവസായ വകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നവർ അവ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഈ മെയിൽ വഴിയോ മുൻകൂട്ടി നൽകണം. പരാതിയുടെ പകർപ്പ് meettheminister@gmail.com എന്ന  ഇ-മെയിലിലും നൽകണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും. 

ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി വ്യവസായികളുമായി ചർച്ച നടത്തുന്നതിന് ഫിക്കി പ്രത്യേക പരിപാടി ജൂലൈ 12 ന് സംഘടിപ്പിച്ചിട്ടുണ്ട്. സി.ഐ.ഐയും ചെറുകിട വ്യവസായികളുടെ സംഘടനയും ഇതിനായി പ്രത്യേക വേദികളൊരുക്കും. സംരംഭകർക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഏതെങ്കിലും തലത്തിൽ സാങ്കേതിക തടസങ്ങൾ നേരിടുന്നവർക്ക് അവരുടെ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ഒരുക്കുന്നതെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios