Asianet News MalayalamAsianet News Malayalam

കിട്ടുമ്പോഴൊക്കെ വാങ്ങി, ഇപ്പോൾ കണ്ണുതള്ളുന്ന കടം; ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത് അത്രയും ഭീമമായ തുക!

ഫെബ്രുവരിയിൽ ആകെ കടത്തിൽ 27% ചൈനയ്ക്ക് കൊടുക്കാൻ ഉള്ളതായിരുന്നു. ഇപ്പോൾ 30 ബില്യൺ ഡോളറാണ് പാകിസ്ഥാൻ ചൈനയ്ക്ക് കൊടുക്കാനുള്ളത്

Pakistan 30 billion dollars owes foreign debt to China, says IMF report
Author
First Published Sep 3, 2022, 6:36 PM IST

പാകിസ്ഥാന് നിലവിലുള്ള വിദേശ വായ്പയുടെ 30 ശതമാനവും ചൈനയ്ക്ക് കൊടുക്കാൻ ഉള്ളതാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബ്ലൂംബർഗ് നൽകിയ വാർത്തയിൽ, കടം ഫെബ്രുവരിക്ക് ശേഷം മൂന്ന് ശതമാനം ഉയർന്നതായും പറയുന്നു. ഫെബ്രുവരിയിൽ ആകെ കടത്തിൽ 27% ചൈനയ്ക്ക് കൊടുക്കാൻ ഉള്ളതായിരുന്നു. ഇപ്പോൾ 30 ബില്യൺ ഡോളറാണ് പാകിസ്ഥാൻ ചൈനയ്ക്ക് കൊടുക്കാനുള്ളത്. ഫെബ്രുവരിയിൽ ഇത് 25.1 ബില്യൺ ഡോളറായിരുന്നു. ആറുമാസത്തിനിടെ 4.6 ബില്യൺ ഡോളർ കൂടി ചൈനയ്ക്ക് കൊടുക്കാൻ പാകിസ്ഥാൻ ബാധ്യസ്ഥരായി.

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പാകിസ്ഥാൻ എടുത്ത വായ്പയുടെ മൂന്നു മടങ്ങ് അധികമാണ് ചൈനയ്ക്ക് കൊടുക്കാനുള്ള തുക. ലോക ബാങ്കിലും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഫണ്ടിനും നൽകാനുള്ള തുകയുടെ അധികമാണ് ചൈനയ്ക്ക് കൊടുക്കാനുള്ളത്.  പാകിസ്ഥാന് സാമ്പത്തികപ്രതിസന്ധി ഉള്ളപ്പോൾ എല്ലാം ചൈന, മറ്റ് അന്താരാഷ്ട്ര ഏജൻസികളെ പോലെ സഹായവുമായി എത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പാകിസ്ഥാൻ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. ഇപ്പോൾ ഇവർക്ക് ഐ എം എഫിൽ നിന്ന് 1.1 ബില്യൺ ഡോളർ സഹായം ലഭിച്ചിരുന്നു.

ഞെങ്ങി ഞെരുങ്ങി പാകിസ്ഥാൻ, പണികൊടുത്ത് പ്രളയവും, 47 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിലക്കയറ്റം

അതേസമയം മഹാപ്രളയം പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ നടുക്കിയെന്നതാണ് മറ്റൊരു കാര്യം. പ്രളയം സംഭവിക്കുന്നതിനു തൊട്ടു മുൻപ് പുറത്തുവന്ന രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ കണക്ക് ജനങ്ങൾക്ക് ഒട്ടും ആശാസ്യവുമായിരുന്നില്ല. തുടർച്ചയായ ആറാം മാസവും പണപ്പെരുപ്പം ഉയർന്നു തന്നെയാണ്. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് പാകിസ്ഥാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തുടർച്ചയായ ആറാമത്തെ മാസമാണ് വിലക്കയറ്റം പുതിയ ഉയരത്തിൽ എത്തുന്നത്. ഉപഭോക്തൃ വില 27.26% ആണ് ഓഗസ്റ്റ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തിൽ ഉണ്ടായ വർധന. 1975 മെയ് മാസത്തിലായിരുന്നു ഇതിനു മുൻപ് ഇത്രയും ഉയർന്ന വിലക്കയറ്റം നേരിട്ടത്. മഹാ പ്രളയത്തെ തുടർന്ന് രാജ്യം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൻ വിലക്കയറ്റത്തിന്റെ കണക്കും പണപ്പെരുപ്പവും ജന ജീവിതം കൂടുതൽ ദുസ്സഹമാകുന്നത്. അതേസമയം പ്രളയത്തിൽ രാജ്യത്തെ കാർഷികരംഗം വൻ വിള നാശം നേരിട്ടു. അരി, പഞ്ഞി, പച്ചക്കറി, സവാള, തക്കാളി തുടങ്ങിയ സകല വിളകളും നശിച്ചു.

Follow Us:
Download App:
  • android
  • ios