Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാൻ വൻ കടക്കെണിയിൽ; ബാധ്യത സർവകാല റെക്കോർഡിൽ, ഇമ്രാൻ ഖാന് തിരിച്ചടി

മുൻകാലങ്ങളിലേത് പോലെ വിദേശ ധനസഹായത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നതാണ് പാക്കിസ്ഥാന്റെ കടബാധ്യത ഉയരാൻ കാരണമായത്

Pakistan debt liabilities cross 50 trillion Pak rupees
Author
Delhi, First Published Nov 26, 2021, 3:06 PM IST

ദില്ലി: പാക്കിസ്ഥാന്റെ കടബാധ്യത കുത്തനെ ഉയർന്നു. 50.5 ലക്ഷം കോടി പാക്കിസ്ഥാൻ രൂപയാണ് ഇപ്പോഴത്തെ കടബാധ്യത. ഇതിൽ 20.7 ലക്ഷം കോടിയും ഇമ്രാൻ ഖാൻ അധികാരമേറ്റ ശേഷം ഉണ്ടായതാണെന്ന് അവിടുത്തെ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനാണ് കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തിന്റെ കടക്കെണി ഉയരുന്ന ദേശീയ സുരക്ഷാ വിഷയമാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്തംബർ മാസം അവസാനം വരെയുള്ള കണക്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. 39 മാസത്തെ ഇമ്രാൻ ഖാന്റെ ഭരണകാലത്ത് മാത്രം 70 ശതമാനത്തോളം വർധനവാണ് പാക്കിസ്ഥാന്റെ കടബാധ്യതയിൽ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ കറൻസിയുടെ മൂല്യം ഇടിഞ്ഞതാണ് ഇമ്രാൻ ഭരണകൂടം ഇതിനൊരു കാരണമായി പാർലമെന്റിൽ പറഞ്ഞത്. മൊത്തം കടത്തിന്റെ പലിശയിനത്തിൽ മാത്രം 7.5 ലക്ഷം കോടി പാക് രൂപ ഇമ്രാൻ ഭരണകൂടം നൽകേണ്ടി വന്നു.

മുൻകാലങ്ങളിലേത് പോലെ വിദേശ ധനസഹായത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നതാണ് പാക്കിസ്ഥാന്റെ കടബാധ്യത ഉയരാൻ കാരണമായത്. മറ്റേത് സർക്കാരിനെയും അപേക്ഷിച്ച് കൂടുതൽ വിദേശസഹായം തേടുന്നതിൽ ഇമ്രാൻ ഖാനും പ്രത്യേക താത്പര്യമെടുത്തതാണ് സാമ്പത്തിക ബാധ്യതയുടെ ആക്കം കൂട്ടിയത്.

Follow Us:
Download App:
  • android
  • ios