സൈനിക നിയന്ത്രണത്തിലുള്ള സംരംഭങ്ങളാണ് പാകിസ്താനിലെ ഏറ്റവും വലിയ 40 ബിസിനസ് ഗ്രൂപ്പുകളുടെ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്.

പാകിസ്താനിലെ സാധാരണക്കാര്‍ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും വലയുമ്പോള്‍, രാജ്യത്തിന്റെ സൈന്യം പാകിസ്താനിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായി വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കണോമിക് പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് തിങ്ക് ടാങ്ക് പുറത്തുവിട്ട 'വെല്‍ത്ത് പെര്‍സെപ്ഷന്‍ ഇന്‍ഡെക്‌സ് 2025' എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സൈനിക നിയന്ത്രണത്തിലുള്ള സംരംഭങ്ങളാണ് പാകിസ്താനിലെ ഏറ്റവും വലിയ 40 ബിസിനസ് ഗ്രൂപ്പുകളുടെ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആദ്യമായി പുറത്തിറക്കിയ ഡോളര്‍ ശതകോടീശ്വരന്മാരുടെ പട്ടികയിലും ഇവര്‍ ഇടം നേടി.

സമ്പത്ത് സൈനിക നിയന്ത്രണത്തില്‍

2025-ലെ കണക്കനുസരിച്ച്, സൈന്യത്തിന്റെ ബിസിനസ്സ് ഇടപാടുകള്‍ പ്രതിവര്‍ഷം പതിനായിരം കോടി ഡോളറിന്റേതാണ്. ദാരിദ്ര്യത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ഉഴലുന്ന ഒരു രാജ്യത്തിന് ഇത് വലിയൊരു തുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൗജി ഫൗണ്ടേഷന്‍ ഏകദേശം 5.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,000 കോടി രൂപ) മൂല്യവുമായി പട്ടികയില്‍ ഒന്നാമതെത്തി. സൈന്യവുമായി ബന്ധമുള്ള മറ്റ് ഒമ്പത് കമ്പനികള്‍ക്ക് ഓരോന്നിനും 1 ബില്യണ്‍ ഡോളറിലധികം (ഏകദേശം 8,820 കോടി രൂപ) മൂല്യമുണ്ട്.

പ്രതിരോധം മാത്രമല്ല, എല്ലാ മേഖലയിലും

ആയുധങ്ങള്‍ക്കപ്പുറം സൈന്യത്തിന്റെ സ്വാധീനം എല്ലാ മേഖലകളിലും വ്യാപിച്ചിട്ടുണ്ട്. ഫൗജി ഫൗണ്ടേഷന്‍, ആര്‍മി വെല്‍ഫെയര്‍ ട്രസ്റ്റ്, ഡിഫന്‍സ് ഹൗസിങ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ്, കൃഷി, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ ആസ്തികളുണ്ട്. നികുതി ഇളവുകള്‍, സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള പ്രത്യേക പ്രവേശനം, സാധാരണ വിപണി മത്സരത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമപരമായ പരിരക്ഷകള്‍ എന്നിവയെല്ലാം ഇവര്‍ക്ക് ലഭിക്കുന്നു. വിരമിച്ചവരും സേവനത്തിലുള്ളവരുമായ സൈനിക ഉദ്യോഗസ്ഥര്‍ ഇങ്ങനെ ധനാഢ്യരാകുന്നു.

ദാരിദ്ര്യത്തിനിടയിലും ടാങ്കുകളും വിമാനങ്ങളും

പാകിസ്താന്‍ സര്‍ക്കാര്‍ ഐഎംഎഫ് വായ്പകളെ ആശ്രയിക്കുമ്പോഴും, സൈന്യം ടാങ്കുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും വേണ്ടി വന്‍ തുക ചെലവഴിക്കുന്നു. അതേസമയം, സാധാരണ കുടുംബങ്ങള്‍ തൊഴിലില്ലായ്മയും വരുമാനക്കുറവും കാരണം ദുരിതത്തിലാണ്. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം, പാകിസ്താനിലെ 44.7 ശതമാനം ജനങ്ങളും പ്രതിദിനം ഏകദേശം 370 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. അതിലും ആശങ്കയുണ്ടാക്കുന്ന കാര്യം, 16.5 ശതമാനം - ഏകദേശം 3.98 കോടി ആളുകള്‍ - കടുത്ത ദാരിദ്ര്യത്തിലാണ്, അവര്‍ക്ക് പ്രതിദിനം ഏകദേശം 265 രൂപയില്‍ താഴെ മാത്രമാണ് വരുമാനം.