Asianet News MalayalamAsianet News Malayalam

ലെയ്സ് ഉരുളക്കിഴങ്ങ് കേസ്: കോടതിക്ക് പുറത്ത് പ്രശ്ന പരിഹാരത്തിന് തയ്യാറായി പെപ്സികോ

ഗുജറാത്തിലെ കര്‍ഷകര്‍ ലെയ്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വെറൈറ്റിയായ എഫ്എല്‍ 2027 (എഫ്സി- 5) കൃഷി ചെയ്തുവെന്നാണ് പെപ്സികോ ആരോപിക്കുന്നത്. 2001 ലെ പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റിസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം ഇത് കുറ്റകരമാണെന്നാണ് പെപ്സികോയുടെ വാദം. 

Pepsi Co offers out-of-court settlement to gujarat potato farmers
Author
Ahmedabad, First Published Apr 26, 2019, 4:48 PM IST

അഹമ്മദാബാദ്: ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്ന ആരോപിച്ച് കര്‍ഷകര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ കോടതിക്ക് പുറത്തുവച്ച് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ. ഗുജറാത്തിലെ കര്‍ഷകര്‍ ലെയ്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വെറൈറ്റിയായ എഫ്എല്‍ 2027 (എഫ്സി- 5) കൃഷി ചെയ്തുവെന്നാണ് പെപ്സികോ ആരോപിക്കുന്നത്. 2001 ലെ പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റിസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം ഇത് കുറ്റകരമാണെന്നാണ് പെപ്സികോയുടെ വാദം. 

ഇതിനെ തുടര്‍ന്നാണ് അഹമ്മദാബാദിലെ കൊമേഴ്ഷ്യല്‍ കോടതിയില്‍ നടന്ന വാദത്തില്‍ കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ അറിയിച്ചു. കര്‍ഷകര്‍ രജിസ്റ്റേര്‍ഡ് എഫ്സി -5 വെറൈറ്റി ഉരുളക്കിഴങ്ങ് വിത്തുകള്‍ വാങ്ങാമെന്നും അത് കമ്പനിക്ക് തന്നെ വില്‍ക്കാമെന്നും കരാറില്‍ ഒപ്പുവയ്ക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്സിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. പെപ്സികോയ്ക്കായി ഗുജറാത്തിലെ 1,200 ഓളം കര്‍ഷകര്‍ എഫ്സി-5 വെറൈറ്റി ഉരുളക്കിഴങ്ങുകള്‍ നിലവില്‍ കൃഷി ചെയ്യുന്നുണ്ട്.

കര്‍ഷകര്‍ ഇനിമുതല്‍ എഫ്സി-5 വെറൈറ്റി കൃഷി ചെയ്യില്ലെന്ന് രേഖമൂലം ഉറപ്പ് നല്‍കണമെന്ന ആവശ്യവും വാദത്തിനിടെ കോടതിക്ക് മുന്നില്‍ എത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.    

എന്നാല്‍, കോടതിക്ക് പുറത്തുവച്ച് കേസ് പരിഹരിക്കുന്നതില്‍ കര്‍ഷകരുടെ തീരുമാനമാണ് അന്തിമം. കേസുമായി ബന്ധപ്പെട്ട നാല് കര്‍ഷകര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ കേസ് വീണ്ടും കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങിയേക്കും. കേസുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഫയല്‍ ചെയ്യാന്‍ കര്‍ഷര്‍ക്കായി ഹാജരായ അഭിഭാഷകന്‍ ജൂണ്‍ 12 വരെ സമയം ചോദിച്ചു. കേസ് വാദം കേള്‍ക്കാനായി കോടതി ജൂണ്‍ 12 ലേക്ക് മാറ്റിയിരിക്കുകയാണ്.  
 

Follow Us:
Download App:
  • android
  • ios