ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ ലെയ്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വെറൈറ്റിയായ എഫ്എല്‍ 2027 കൃഷി ചെയ്തുവെന്നാണ് പെപ്സികോയുടെ ആരോപണം. ഇത് 2001 ലെ പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റിസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം കുറ്റകരമാണെന്നാണ് പെപ്സികോയുടെ ആരോപണം.

ദില്ലി: ഉരുളക്കിഴങ്ങ് ചിപ്പ്സ് ബ്രാന്‍ഡായ ലെയ്സിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ച് കര്‍ഷകര്‍ക്കെതിരെ നിയമ നടപടിയിലേക്ക് കടന്ന പെപ്സികോയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ ലെയ്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വെറൈറ്റിയായ എഫ്എല്‍ 2027 കൃഷി ചെയ്തുവെന്നാണ് പെപ്സികോയുടെ ആരോപണം. ഇത് 2001 ലെ പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റിസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം കുറ്റകരമാണെന്നാണ് പെപ്സികോയുടെ ആരോപണം.

എന്നാല്‍, കര്‍ഷകര്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്ന വിളയും കൃഷി ചെയ്യാന്‍ അനുവാദമുണ്ടെന്നാണ് കര്‍ഷകരും ആക്ടിവിസ്റ്റുകളുടെയും അഭിപ്രായം. അഹമ്മദാബാദിലെ മൊദാസ ജില്ലാ കോടതിയില്‍ പെപ്സികോ നല്‍കിയ കേസില്‍ കര്‍ഷകര്‍ 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്സികോയുടെ ആവശ്യം. പ്രശ്നത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം ഇടപെടണമെന്നാണ് ഗുജറാത്തിലെ കര്‍ഷകരുടെ ആവശ്യം.

പെപ്സികോ പറയുന്നത്

ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന എഫ്എല്‍ 2027 വെറൈറ്റി ഉരുളക്കിഴങ്ങ് എഫ്എല്‍ 1867 വെറൈറ്റിയില്‍ നിന്ന് വികസിപ്പിച്ചതാണെന്നാണ്. ഇത്തരമെന്ന് സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചത് ലെയ്സ് നിര്‍മാണത്തിനായി മാത്രമാണ്. ഇതിനാല്‍ തന്നെ ഈ വെറൈറ്റി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനും വിളവെടുക്കാനും പെപ്സിക്കോയ്ക്ക് മാത്രമാണ് അധികാരം എന്നുമാണ് അവരുടെ വാദഗതി. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ റൈറ്റില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകളും കര്‍ഷകരും അവകാശപ്പെടുന്നത്. മാത്രമല്ല ഏത് വിളയും കൃഷി ചെയ്യാന്‍ കര്‍ഷകന് അധികാരമുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാരും നീതി ന്യായ വ്യവസ്ഥയും ഇടപെട്ടില്ലെങ്കില്‍ ഭാവിയില്‍ മറ്റ് വിളകളെയും ഇത് ബാധിച്ചേക്കുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

കര്‍ഷകരുടെ കാമ്പയിന്‍ 

വിഷയത്തില്‍ സാമൂഹിക ശ്രദ്ധ ആകര്‍ഷിക്കാനായി കര്‍ഷകരും സന്നദ്ധ സംഘടനകളും കാമ്പയിനുകളുമായി രംഗത്തുണ്ട്. ഗുജറാത്തിലെ ബസന്‍കാന്ത, ആരവല്ലി, സബര്‍കാന്ത ജില്ലകളിലെ ചെറുകിട കര്‍ഷകര്‍ക്കെതിരെയാണ് അമേരിക്കന്‍ വ്യവസായ ഭീമന്‍ പെപ്സികോ നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് കര്‍ഷകര്‍ക്ക് എതിരായി നിയമ നടപടികള്‍ക്ക് പെപ്സികോ തുടക്കമുട്ടത്. മൂന്ന് മുതല്‍ നാല് ഏക്കര്‍ വരെ ശരാശരി കൃഷി ഭൂമിയുളള ഒന്‍പത് കര്‍ഷകരില്‍ നിന്നാണ് ഈ വന്‍ തുക നഷ്ടപരിഹാരം കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.