ചില ബാങ്കുകള്‍ പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ആവശ്യമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക! ചില ബാങ്കുകള്‍ പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ തുക വായ്പ എടുക്കുമ്പോള്‍ പ്രോസസ്സിംഗ് ഫീസ് ഇല്ലാതാകുന്നത് ഒരുപാട് പണം ലാഭിക്കാന്‍ സഹായിക്കും.

എന്താണ് ഈ പ്രോസസ്സിംഗ് ഫീസ്?

ഒരു വായ്പ എടുക്കുമ്പോള്‍, ബാങ്കുകള്‍ നിങ്ങളുടെ അപേക്ഷ കൈകാര്യം ചെയ്യുന്നതിനും പരിശോധിക്കുന്നതിനും വേണ്ടി ഈടാക്കുന്ന ഒരു തുകയാണ് പ്രോസസ്സിംഗ് ഫീസ്. ഇത് വായ്പയുടെ മൊത്തം ചിലവ് കൂട്ടുന്ന ഒന്നാണ്. ഉദാഹരണത്തിന്, 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 2% പ്രോസസ്സിംഗ് ഫീസ് ഉണ്ടെങ്കില്‍, 10,000 രൂപ നിങ്ങള്‍ ആദ്യമേ അടയ്‌ക്കേണ്ടി വരും. ഇത് ചെറിയൊരു തുകയല്ലല്ലോ?

പ്രോസസ്സിംഗ് ഫീസ് ഇല്ലാതെയോ കുറച്ചോ വായ്പ നല്‍കുന്ന പ്രധാന ബാങ്കുകള്‍:

ബാങ്ക് ഓഫ് ഇന്ത്യ: ചില പ്രത്യേക വിഭാഗക്കാര്‍ക്ക് പ്രോസസ്സിംഗ് ഫീസ് വേണ്ട. മറ്റുള്ളവര്‍ക്ക് സാധാരണ ഫീസ് ബാധകമാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്: ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഫീസ് ഒഴിവാക്കാറുണ്ട്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: സാധാരണയായി വായ്പാ തുകയുടെ 0.5% ആണ് ഫീസ്. എന്നാല്‍, പ്രത്യേക ഓഫറുകള്‍ ഉള്ളപ്പോള്‍ ഇത് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഐ.സി.ഐ.സി.ഐ. ബാങ്ക്: സാധാരണയായി 0.99% മുതല്‍ 2.5% വരെയാണ് ഫീസ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ പ്രൊമോഷന്‍ വഴി ഫീസ് ഒഴിവാക്കാറുണ്ട്. എസ്.ബി.ഐ. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ): സാധാരണയായി 1% - 1.5% ആണ് ഫീസ്. ഉത്സവകാലങ്ങളില്‍ ഫീസ് കുറയ്ക്കാറുണ്ട്. എച്ച്.ഡി.എഫ്.സി. ബാങ്ക്: 1% - 2.5% വരെയാണ് ഫീസ്. ചില പ്രത്യേക ഉപഭോക്താക്കള്‍ക്ക് ഫീസ് ഒഴിവാക്കി നല്‍കാറുണ്ട്. കൊട്ടക് ബാങ്ക്: 2.5% വരെ ഫീസ് ഈടാക്കാറുണ്ട്. ശമ്പളക്കാര്‍ക്ക് ചിലപ്പോള്‍ കുറഞ്ഞ സമയത്തേക്ക് പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ ഓഫറുകള്‍ നല്‍കാറുണ്ട്. യെസ് ബാങ്ക്: 2.5% വരെ ഫീസ് ഈടാക്കാറുണ്ട്. ചില സമയങ്ങളില്‍ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കുന്ന പ്രൊമോഷനുകള്‍ ഉണ്ടാവാറുണ്ട്.

പ്രോസസ്സിംഗ് ഫീസ് ഇല്ലാത്ത വ്യക്തിഗത വായ്പ എങ്ങനെ ലഭിക്കും?

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക: പല ബാങ്കുകളുടെയും നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓഫറുകള്‍ താരതമ്യം ചെയ്യുക. ഏറ്റവും കുറഞ്ഞതോ പൂജ്യമോ ആയ പ്രോസസ്സിംഗ് ഫീസ് വാഗ്ദാനം ചെയ്യുന്നവയ്ക്ക് മുന്‍ഗണന നല്‍കുക.

യോഗ്യത ഉറപ്പാക്കുക: വായ്പ നല്‍കുന്നവരുടെ അടിസ്ഥാന ആവശ്യകതകളും യോഗ്യതകളും നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാക്കുക. നല്ല ക്രെഡിറ്റ് സ്‌കോര്‍, മിനിമം വരുമാനം, തൊഴില്‍ നില എന്നിവ ഇതില്‍പ്പെടും.

ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് മുന്‍ഗണന: മിക്ക ബാങ്കുകളുടെയും പൂജ്യം പ്രോസസ്സിംഗ് ഫീസ് ഓഫറുകള്‍ ഓണ്‍ലൈന്‍ അപേക്ഷകളിലാണ് ലഭ്യമാകുന്നത്. അതുകൊണ്ട്, ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി അപേക്ഷിക്കുന്നത് നല്ല ഡീലുകള്‍ ലഭിക്കാനും വേഗത്തില്‍ വായ്പ ലഭിക്കാനും സഹായിക്കും.

പ്രത്യേക ഓഫറുകള്‍ ശ്രദ്ധിക്കുക: ഹോളി, ദീപാവലി, ഈദ് തുടങ്ങിയ ഉത്സവകാലങ്ങളിലും മറ്റ് പ്രത്യേക അവസരങ്ങളിലും ബാങ്കുകള്‍ വായ്പക്കാര്‍ക്കായി പരിമിതമായ സമയത്തേക്ക് ഓഫറുകള്‍ നല്‍കാറുണ്ട്.