ദില്ലി: പെട്രോൾ ഉപഭോഗം മാർച്ചിൽ തൊട്ടുമുൻപത്തെ നാല് മാസത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്. വൈറസ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നതിനിടെയാണിത്. ദിവസം ശരാശരി 88380 ടൺ ആയാണ് വർധിച്ചത്. നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

2020 മാർച്ച് മാസത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വർധന. 2020 മാർച്ച് മുതൽ ഫെബ്രുവരി വരെ രാജ്യത്തെമ്പാടും ഇന്ധന ഉപഭോഗം ഇടിഞ്ഞിരുന്നു. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഡീസലിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞതായിരുന്നു പ്രധാന കാരണം. കൊവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇതിലേക്ക് നയിച്ചത്.

ബസുകളും ട്രെയിനുകളും വേണ്ടെന്ന് വെച്ച് സ്വകാര്യ വാഹനത്തിൽ ആളുകൾ യാത്ര ചെയ്യാൻ തുടങ്ങിയതോടെയാണ് ഇന്ധന വിൽപ്പന ഇടിഞ്ഞത്. എന്നാൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ഇന്ധന ഉപഭോഗത്തിലുണ്ടായ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.