ന്യൂയോര്‍ക്ക്: 737 മാക്സ് വിമാനങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബോയിംഗ് പ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നു. ബോയിംഗ് 737 മാക്സ് വിമാനങ്ങളെ വീണ്ടും സജീവമാക്കാനായി സോഫ്റ്റ്‍വെയര്‍ പുതുക്കല്‍, പൈലറ്റ് പരിശീലന പദ്ധതി തുടങ്ങി വിവിധ മാര്‍ഗങ്ങളാണ് കമ്പനിയുടെ ആലോചനയിലുളളത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഉണ്ടായ രണ്ട് വന്‍ അപകടങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്സ് ഉപയോഗിക്കുന്നതില്‍ നിന്ന് എയര്‍ലൈനുകളെ വിലക്കിയിരിക്കുകയാണ്. 

വിമാനത്തിന്‍റെ കണ്‍ട്രോള്‍ സംവിധാനം എങ്ങനെയാണ് വിവിധ സെന്‍സര്‍ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് എന്നതുമായി ബന്ധപ്പെട്ടാണ് കമ്പനി സോഫ്റ്റ്‍വെയര്‍ പുതുക്കല്‍ നടപ്പാക്കുന്നത്. ബോയിംഗിന്‍റെ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്നു വിമാനങ്ങളായിരുന്നു 737 മാക്സ് ഗണത്തില്‍ പെടുന്നവ. ആദ്യം നടപ്പാക്കുക സോഫ്റ്റ്‍വെയര്‍ അപ്ഡേഷനായിരിക്കും, അതിന് ശേഷമാകും പുതിയ പൈലറ്റ് പരിശീലന പദ്ധതികള്‍ ആരംഭിക്കുക. 

എത്യോപ്യന്‍ എയര്‍ലൈനിന്‍റെ ബോയിംഗ് 737 മാക്സ് എട്ട് വിമാനം മാര്‍ച്ച് 10 ന് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 157 പേരാണ് മരിച്ചത്. ഇതിന് മുന്‍പ് ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിമാനമാണ് ഇന്തോനേഷ്യയില്‍ തകര്‍ന്ന് വീണത്. ഇന്തോനേഷ്യയിലെ അപകടത്തിന് പിന്നാലെ പൈലറ്റ് ഡിസ്പ്ലെ ഉള്‍പ്പടെയുളള സംവിധാനങ്ങളില്‍ ബോയിംഗ് സോഫ്റ്റ്‍വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.