Asianet News MalayalamAsianet News Malayalam

മോദിയുടെ ഇന്ത്യ; മോദി സർക്കാരിന്റെ കീഴിൽ സമ്പദ്‌വ്യവസ്ഥ മുന്നേറിയോ?

കോവിഡ് തീർത്ത പ്രതിസന്ധിയും. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശവും സാമ്പത്തിക വ്യവസ്ഥയുടെ താളം തെറ്റിക്കുമ്പോൾ അടിപതറാതെ പ്രതിരോധിക്കുകയാണ് ഇന്ത്യ 

PM Modi Birthday How economy fared under Modi government
Author
First Published Sep 16, 2022, 1:48 PM IST

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്തു വന്നത്. 8 വർഷം മുമ്പ് അധികാരമേറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മാറുകയാണ്. 'സബ്കാ സാത്, സബ്കാ വികാസ്' എന്ന മോദിയുടെ മുദ്രാവാക്യം നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ? വളർച്ചയും വികസനവുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മോദി സർക്കാരിന് കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ  എങ്ങനെ മുന്നേറി എന്ന് പരിശോധിക്കാം. 

ഇന്ത്യൻ എക്കണോമിയുടെ വളർച്ചയ്ക്കായി വിവിധ പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.  നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ, ഉജ്ജ്വല യോജന, ജൻ ധന് യോജന തുടങ്ങി നിരവധി പരിഷ്കാരങ്ങളും നടപടികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കി. സമ്മിശ്ര പ്രതികരണങ്ങളിലൂടെ ആണെങ്കിലും ഇന്ത്യ വളരുകയാണ്. എങ്കിലും കൊവിഡ് 19 ഇന്ത്യയെ പിടിച്ചുകുലുക്കി. ഒപ്പം ഭൗമരാഷ്ട്രീയ പ്രശനങ്ങളും വളർച്ച മന്ദഗതിയിലാക്കുന്നുണ്ടെങ്കിലും ഇന്ത്യ ത്രീർക്കുന്ന പ്രതിരോധം വളരെ ശക്തമാണ്. 

ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ രണ്ട് പ്രതിസന്ധികളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്, ഒന്ന് റഷ്യ- ഉക്രൈൻ യുദ്ധവും രണ്ട് കോവിഡ് തീർത്ത പ്രതിസന്ധിയും. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം പ്രധാന വിതരണ പാതയെ തടസ്സപ്പെടുത്തുക മാത്രമല്ല, ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തു, ഇതിന്റെ ഫലമായി പ്രധാന ചരക്കുകളുടെ വില റെക്കോർഡ് ഉയരത്തിലേക്ക് എത്തി. യുദ്ധത്തിന്റെ ആഘാതം എല്ലാ സമ്പദ്‌വ്യവസ്ഥകളിലും പ്രകടമായി കാണാം. കാരണം കഴിഞ്ഞ 2 വർഷമായി ആഗോള വ്യാപാരത്തെയും വ്യവസായങ്ങളെയും തളർത്തിയ കോവിഡ് മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സമയത്താണ് റഷ്യയുടെ അധിനിവേശം. ഇതോടെ ആഗോള രാജ്യങ്ങൾ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലും ആഘാതം ലഘൂകരിക്കാൻ നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്. മോദിയുടെ കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ മാറ്റങ്ങൾ അറിയാം. 

ജിഡിപി വളർച്ച

2014-ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ വർഷങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗത്തിലാണ് വളർന്നത്. എന്നിരുന്നാലും, നോട്ട് നിരോധനവും ജിഎസ്ടിയും ആ വളർച്ചയെ പതുക്കെയാക്കി. ഇതോടെ 2015 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനമായിരുന്ന ജിഡിപി 2020ൽ 4.2 ശതമാനമായി കുറഞ്ഞു. അപ്പോഴേക്കും കോവിഡ് -19 മഹാമാരിയുടെ ആരംഭമായിരുന്നു, ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കൂടുതൽ തളർത്തി. ലോക്ക്ഡൗൺ കാരണം ലോകമെമ്പാടുമുള്ള വ്യാപാരങ്ങൾ സ്തംഭിച്ചതോടെ, 2020 ൽ ആഗോള സമ്പദ്‌വ്യവസ്ഥ 3.7 ട്രില്യൺ ഡോളറിലധികം ചുരുങ്ങി. 2020 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തുടർച്ചയായ രണ്ട് പാദങ്ങളിലെ നെഗറ്റീവ് വളർച്ചയോടെ ഇന്ത്യ ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലേക്ക് കടന്നു . 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി  24.4 ശതമാനമായി. എന്നിരുന്നാലും, രണ്ടാം പാദത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളിലെ സൂക്ഷമമായ ഇടപെടലുകളും കാര്യക്ഷമമായ പ്രവർത്തനങ്ങളും മൂലം ജിഡിപി 7.3 ശതമാനമായി. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 0.4 ശതമാനം വളർന്ന് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഒടുവിൽ പുറത്തുകടന്നു.

2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 20.1 ശതമാനം വളർച്ച കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു. എല്ലാ മേഖലകളും കൊവിഡ് ആഘാതത്തിൽ നിന്ന് ഏറെക്കുറെ കരകയറിയ സമയത്താണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം. ഇത് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചുവെങ്കിലും ഇന്ത്യ പ്രത്യോർഥം തീർത്തു മുന്നേറുകയാണ്. 

പണപ്പെരുപ്പം

മോദി സർക്കാർ 2014 ൽ അധികാരത്തിൽ വരുമ്പോൾ, ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ഏകദേശം 8.33 ശതമാനമായിരുന്നു, ഇത് ആർബിഐയുടെ 2 മുതൽ 6 ശതമാനം വരെയുള്ള  ടോളറൻസ് ബാൻഡിനേക്കാൾ വളരെ കൂടുതലായിരുന്നു. ഏപ്രിലിൽ രാജ്യത്തെ പണപ്പെരുപ്പം റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചു. യുദ്ധം കൂടിയായപ്പോൾ പ്രധാന ചരക്കുകളുടെ വില കുതിച്ചുയർന്നു. ഭക്ഷണ പാനീയങ്ങൾ, ഇന്ധനം, ഗതാഗതം എന്നിവയുടെ വില ഏകദേശം 52 ശതമാനം  യുദ്ധം കാരണം ഉയർന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ റെക്കോർഡ് ഉയർന്ന നിരക്കായ 15.08 ശതമാനമായി ഉയർന്നു. ഒപ്പം റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനത്തിലേക്ക് ഉയർന്നു.

എന്നാൽ ഇതിനെ വളരെ മികവോടെയാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്തത്.  ആഭ്യന്തര സ്റ്റോക്ക് ഉയർത്തുന്നതിനും വില കുറയ്ക്കുന്നതിനുമായി ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക്  കേന്ദ്രം നിരോധനം ഏർപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ, ആർബിഐ  അതിന്റെ പ്രധാന പലിശ നിരക്കും ക്യാഷ് റിസർവ് റേഷ്യോയും ഉയർത്തി. ആർബിഐയുടെ ടോളറൻസ് ബാൻഡിന് മുകളിലാണെങ്കിലും പണപ്പെരുപ്പം താഴേക്കാണ്. 

തൊഴിലില്ലായ്മ

2014ൽ മോദി അധികാരത്തിൽ വരുമ്പോൾ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം 2016 ജനുവരിയിൽ ഇത് 8.72 ശതമാനം ഉയർന്നു.എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ, തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനമായി കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. അക്കാലത്ത്, സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങൾക്കും തൊഴിൽ അവസരങ്ങൾ നൽകുന്നതിൽ മോദി സർക്കാർ വിജയിച്ചിരുന്നു.

എന്നാൽ, കൊവിഡിന്റെ ആരംഭത്തോടെ, 2020 ഏപ്രിലിൽ തൊഴിലില്ലായ്മ വീണ്ടും റെക്കോർഡ് നിലയിലേക്ക് ഉയർന്നു. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. എന്നാൽ, തൊഴിൽ പങ്കാളിത്ത നിരക്ക് (എൽപിആർ) 2022 മാർച്ചിൽ 39.5 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 39.9 ശതമാനം പങ്കാളിത്ത നിരക്കിനേക്കാൾ കുറവാണിത്. 

Read Also : യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

Follow Us:
Download App:
  • android
  • ios