Asianet News MalayalamAsianet News Malayalam

എസ്.ഐക്ക് ഗെയിമിങ് ആപിലൂടെ ഒന്നര കോടി, ലോണ്‍ അടച്ചുതീര്‍ക്കുമെന്ന് ഉദ്യോഗസ്ഥൻ; അന്വേഷണവുമായി ഉന്നത ഉദ്യോഗസ്ഥർ

അതേസമയം എസ്.ഐയുടെ സന്തോഷത്തിന് അധികം ആയുസ് നല്‍കാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും പിന്നാലെയെത്തി

Police sub inspector gets one and a half crore rupees from fantasy gaming platform reveals future plans afe
Author
First Published Oct 13, 2023, 9:13 PM IST

പൂനെ: പ്രമുഖ ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ പൊലീസ് സബ് ഇന്‍സ്‍പെക്ടര്‍ക്ക് ലഭിച്ചത് ഒന്നര കോടി രൂപയുടെ സമ്മാനം. പൂനെയിലാണ് സംഭവം. പിംപ്രി ചിന്‍ചിവാദ് പൊലീസ് കമ്മീഷണറേറ്റിലെ എസ്.ഐ ആയ സോംനാഥ് സെന്റെയ്ക്കാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്. പണം അക്കൗണ്ടില്‍ ലഭിച്ച് തുടങ്ങിയതായി അദ്ദേഹം പറയുന്നു. അതേസമയം എസ്.ഐയുടെ സന്തോഷത്തിന് അധികം ആയുസ് നല്‍കാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും പിന്നാലെയെത്തി.

പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൊലീസ് സേനയില്‍ സജീവമായി ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഇത്തരമൊരു ഗെയിമില്‍ പങ്കെടുത്ത് മത്സരിക്കാനും വിജയിക്കാനും സാധിക്കുമോ എന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന ചോദ്യം. ഇതിന് പുറമെ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ നടത്തുന്നത് ചൂതാട്ടത്തിന് സമാനമായ പ്രവൃത്തികളാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ഒന്നര കോടി സമ്മാനം കിട്ടിയപ്പോള്‍ പണമൊന്നും ലഭിക്കില്ലെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് എസ്.ഐ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപയുടെ ഒരു ഇടപാടിലൂടെ അക്കൗണ്ടില്‍ പണമെത്തി. ഇതില്‍ നിന്ന് 60,000 രൂപ കമ്പനി പിടിച്ചു. ബാക്കി 1,40,000 രൂപ ഇപ്പോള്‍ ലഭിച്ചുകഴിഞ്ഞു - സോംനാഥ് വിവരിച്ചു. കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നുവെന്ന കാര്യവും ഇയാള്‍ വിശദീകരിച്ചു. വീടിന്റെ ലോണ്‍ അടച്ചു തീര്‍ക്കണം. പകുതി തുക സ്ഥിര നിക്ഷേപമായി ഇട്ടിട്ട് അതില്‍ നിന്നുള്ള പലിശ ഉപയോഗിച്ച് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read also: കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

അതേസമയം പൊലീസ് ഉദ്യോഗസ്ഥന് സമ്മാനം കിട്ടിയ കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സതീഷ് മാനെ അറിയിച്ചു. പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇത്തരം ഗെയിമുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ? ഇത് നിയമപ്രകാരം അനുവദനീയമാണോ? ഇത്തരം ഗെയിമുകള്‍ നിയമപരമാണോ? എന്നിവയും സമ്മാനം കിട്ടിയ കാര്യംമാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതും ഉള്‍പ്പെടെ വിവിധ വശങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്ന ഗോറിന് അന്വേഷണ ചുമതല നല്‍കിയിരിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷര്‍ പറ‍ഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഗെയിമിങ് സ്റ്റാര്‍ട്ടപ്പ് കൂടിയായ ഡ്രീം 11ല്‍ നിന്നാണ് എസ്.ഐക്ക് വന്‍തുകയുടെ സമ്മാനം ലഭിച്ചത്. ഏതാണ്ട് 7,535 കോടി മൂല്യമുള്ള കമ്പനിയായ ഡ്രീം 11 ഇതിനോടകം നിരവധി തവണ നിയമപരമായ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ചൂതാട്ടവുമായി ബന്ധമുണ്ടോയെന്ന ചോദ്യമാണ് കമ്പനിക്കെതിരായി നേരത്തെയും ഉയര്‍ന്നത്. 2008ല്‍ സ്ഥാപിതമായ കമ്പനിക്ക് 110 ദശലക്ഷത്തിലധികം ഉപയോക്താക്കളുമുണ്ട്.

അതേസമയം ചൂതാട്ടമല്ല നടക്കുന്നതെന്നും ആളുകള്‍ കഴിവ് ഉപയോഗിച്ച് കളിച്ച് ജയിക്കുകയാണെന്നും കമ്പനി വിശദീകരിക്കുന്നു. ഫാന്റസി ലീഗുകള്‍ക്ക് നേരത്തെ കോടതികളുടെ അംഗീകാരം കിട്ടിയിട്ടുണ്ടെന്ന് ചില അഭിഭാഷകരും പറയുന്നു. ചരക്ക് സേവന നികുതിയുടെയും മറ്റ് നികുതികളുടെയും പരിധിയില്‍ വരുന്നതാണ് ഇത്തരം ഗെയിമുകള്‍. അതുകൊണ്ടുതന്നെ അവ നിയമപരമാണെന്നാണ് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്. വിവിധ ഹൈക്കോടതികളില്‍ ഇത്തരത്തിലുള്ള കേസുകള്‍ വന്നിട്ടുണ്ട്. ഇവ സുപ്രീം കോടതി പിന്നീട് റദ്ദാക്കുകയായിരുന്നു. നിയമപ്രശ്നങ്ങളില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെങ്കിലും എസ്.ഐക്ക് ഇനി വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios