കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

കട്ടിലിനും സോഫയ്ക്കും അടിയിൽ 23 കാർഡ് ബോഡുകളിൽ നിറയെ പണം! ഐടി റെയ്ഡിൽ 42 കോടി പിടിച്ചതായി റിപ്പോർട്ട്

I T raids in Bengaluru  Officials recover Rs 42 crore in cash in 23 cardboard boxes ppp

ബെംഗളൂരു: കർണാടകയിൽ ആദായനികുതി (ഐടി) വകുപ്പ് നടത്തിയ റെയ്ഡിൽ ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ കോടികൾ കണ്ടെത്തി. ബെംഗളൂരുവിലെ ആർടി നഗറിനടുത്തുള്ള ആത്മാനന്ദ കോളനിയിലെ ഫ്‌ളാറ്റിൽ വ്യാഴാഴ്ച രാത്രി യായിരുന്നു റെയ്ഡ്. ഫ്ലാറ്റിലെ കട്ടിലിനും സോഫയ്ക്കും അടിയിൽ നിന്നാണ് 500 രൂപയുടെ കെട്ടുകളായി 42 കോടിയോളം രൂപ കണ്ടെത്തിയതെന്ന് ഐടി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക-ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കേസുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മുൻ കൌൺസിലറെയും ഭർത്താവിനെയും ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.  പൊതു കരാറുകളിൽ ഏർപ്പെടുന്ന കരാറുകാരെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡിലാണ് വൻ തുക കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ആൾ താമസമില്ലാത്ത ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ സോഫയുടെയും കട്ടിലിന്റെയും അടിയിലായി കാർഡ് ബോർഡ് പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 42 -കോടിയോളം രൂപ. പണം കണ്ടെത്തിയ ശേഷം ഫ്ലാറ്റ് ഉടമകളായ കൌൺസിലറേയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഫ്ലാറ്റുടമയുടെ ഭർത്താവ് കോണ്ട്രാക്ടർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറികളിൽ നിന്നും കരാറുകാരിൽ നിന്നുമായി കോടികൾ പിരിച്ചെടുത്തതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡെന്നും ഐടി വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. അതേസമയം, റെയ്ഡിൽ പിടിച്ചെടുത്ത പണവും കോൺഗ്രസും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചു.

Read more: 'ബൈക്ക് റൈഡർ, ഇടപാടിന് വാട്ട്സാപ്പ് ചാറ്റും ഗൂഗിൾ ലൊക്കേഷനും', എന്നിട്ടും എംഡിഎംഎ കാരിയറെ പൊക്കി പൊലീസ്

ഓപ്പറേഷനിൽ 42 കോടി രൂപ പിടിച്ചെടുത്തു. സിദ്ധരാമയ്യയും ഡികെയും ഐടി റെയ്ഡിനെ കുറിച്ച് മിണ്ടിയിട്ടില്ല. കാരണം അത് എഐസിസിക്ക് വേണ്ടിയുള്ളതാണ്.  കണ്ടെത്തിയ 42 കോടി രൂപയ്ക്ക് സിദ്ധരാമയ്യയും ഡികെയുമായി ബന്ധമുണ്ടോ? സമഗ്രമായ അന്വേഷണം വേണം. കരാറുകാരും കോൺഗ്രസ് അംഗങ്ങളും തമ്മിൽ അടുത്ത ബന്ധമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കായി ഉദ്ദേശിച്ചായിരിക്കാം പണമെത്തിച്ചതെന്നും ഈശ്വരപ്പ ആരോപിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios