പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ നിക്ഷേപകരുടെ പ്രക്ഷോഭം തുടരുന്നു. സിബിഐ കേസ് ഏറ്റെടുക്കണം, തട്ടിപ്പ് സംബന്ധിച്ച കേസുകൾ വേ​ഗത്തിൽ പരി​ഗണിക്കാൻ പ്രത്യേക കോടതി എന്നിവയാണ് നിക്ഷേപകരുടെ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. കോന്നി വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തിന് മുന്നിൽ നിക്ഷേപകരുടെ റിലേ ധർണ്ണ തുടരുകയാണ്. ഇന്ന് കൊട്ടാരക്കര പോപ്പുലർ ഫിനാൻസ് ഇൻവെസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമര പരിപാടികൾ.

"ബഡ്സ് ആക്ട് പ്രകാരം പ്രത്യേക കോടതി സ്ഥാപിച്ച് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട നിയമ നടപടികൾ വേ​ഗത്തിലാക്കണം. 2,000 കോ‌ടിയു‌ടെ നിക്ഷേപത്തട്ടിപ്പാണ് നടന്നത്. എന്നാൽ, ഇതുവരെ 120 കോടിയുടെ ആസ്തി മാത്രമാണ് പോലീസ് കണ്ടെത്തിയിട്ടുളളത്. സ്വത്തുക്കൾ മുഴുവൻ റോയിയും കുടുംബവും ക‌ടത്തിയതാണ്. അവ മ‌ടക്കിക്കൊണ്ടുവരണം, അതിന് സിബിഐ പോലെയൊരു അന്വേഷണ ഏജൻസിയെ കൊണ്ടേ സാധിക്കൂ," ഇൻവെസ്റ്റേഴ്സ് അസോസിയേഷൻ കൺവീനർ എം കെ സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"പോലീസ് നിക്ഷേപകരു‌ടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നുണ്ട്. എന്റെ പരാതിയിൽ പോലീസ് എഫ്ഐആർ ഇട്ടിട്ടില്ല. വളരെ കുറിച്ച് പേരുടെ പരാതിയിൽ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. കൊട്ടാരക്കര പോപ്പുലർ ഫിനാൻസ് ഇൻവെസ്റ്റേഴ്സ് അസോസിയേഷനിൽ അം​ഗങ്ങളായ 300 പേർക്ക് ഏകദേശം 45 കോടിയോളം രൂപ നഷ്ടമായി," അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കേസ് !

നിക്ഷേപത്ത‌ട്ടിപ്പ് പ്രതികൾക്കെതിരെ പുതിയ കേസെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനും തെളിവെടുപ്പിനുമായി പുറത്തുകൊണ്ടുപോകാനും ഇത് അന്വേഷണ സംഘത്തെ സഹായിക്കും. കേസെടുത്ത ശേഷം അഞ്ച് പേരെയും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. പോപ്പുലറുമായി ബന്ധപ്പെട്ട ഓഡിറ്റർമാർ, മാനേജർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ നിജസ്ഥിതി ഉറപ്പു വരുത്താൻ അഞ്ച് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട സബ്കോടതിയിൽ പോപ്പുലർ ഫിനാൻസ് കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചു. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശപ്രകാരം പദ്ധതി തയ്യാറാക്കുന്നതിനാലാണിതെന്ന് പോപ്പുലർ ഫിനാൻസ് കോടതിയിൽ ബോധിപ്പിച്ചു. നിക്ഷേപകർക്ക് വേണ്ടി ഹാജരായ കൊച്ചിയിൽ നിന്നുളള അഭിഭാഷക സംഘം പാപ്പർ ഹർജി തള്ളണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. പാപ്പർ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന വാ​ദമാണ് അവർ മുന്നോട്ടുവച്ചത്. 

ഇരുവാദ മുഖങ്ങളെയും പബ്ലിക് പ്രോസിക്യൂട്ടർ ശക്തമായി എതിർത്തു. നിക്ഷേപം തിരികെ നൽകാനുളള പദ്ധതി എന്തെന്ന് വ്യക്തമാക്കാതെ ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്നാണ് പ്രോസിക്യൂട്ടർ നിലപാടെടുത്തത്. ഹർജി നിലനിർത്തിക്കൊണ്ട് തന്നെ രേഖകളുടെ പകർപ്പുകൾ മുഴുവൻ ഹർജിക്കാർക്കും നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. 

എതിർ കക്ഷികൾക്ക് നോട്ടീസ് നൽകും 

പാപ്പർ ഹർജിയുടെ അനുബന്ധമായ 50,000 പേജുളള പകർപ്പ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. കേസ് നവംബർ ഒമ്പതിലേക്ക് വാദത്തിനായി കോ‌ടതി മാറ്റി. ഇതിന് മുൻപ് മുഴുവൻ എതിർ കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയോ പത്രപ്പരസ്യം നൽകുകയോ ചെയ്യാനും കോടതി നിർദ്ദേശിച്ചു. 

പോപ്പുലർ ഫിനാൻസിന് 2,000 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇതുവരെ അന്വേഷണ സംഘത്തിന് 120 കോടിയുടെ ആസ്തി മാത്രമേ കണ്ടെടുക്കാനായൊള്ളൂ. ഇത്രയും ആസ്തി ഉപയോ​ഗിച്ച് എങ്ങനെ നിക്ഷേപകരുടെ ബാധ്യത തീർക്കാനാകുമെന്ന് വ്യക്തമാക്കണമെന്ന പ്രസക്തമായി വാദമാണ് പാപ്പർ ഹർജി പിൻവലിക്കണമെന്ന അപേക്ഷയെ എതിർത്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ മുന്നോട്ടുവച്ചത്.