പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ രണ്ട് പേരെക്കൂടി പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഫിനാൻസ് ഉടമകളും പ്രതികളുടെ ബന്ധുക്കളും പ്രവാസികളുമായ രണ്ട് പേരെയാണ് പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 

കേസിൽ ഒന്നാം പ്രതിയായ റോയി ഡാനിയേലിന്റെ (തോമസ് ഡാനിയേൽ) മാതാവും ഫിനാൻസിന്റെ ഡയറക്ടറുമായ കോന്നി വകയാർ ഇഞ്ചിക്കാട്ടിൽ വീട്ടിൽ എം ജെ മേരിക്കുട്ടി, റോയി ഡാനിയേലിന്റെ ഭാര്യയയും കേസിൽ രണ്ടാം പ്രതിയുമായ പ്രഭയുടെ സഹോദരൻ വടക്കേവിള അമ്പനാട്ട് സാമുവൽ പ്രകാശ് എന്നിവരെയാണ് പ്രതി ചേർത്തത്. മേരിക്കുട്ടി നിലവിൽ ഓസ്ട്രേലിയയിലാണ്. സാമുവൽ പ്രകാശ് കേരളത്തിൽ തന്നെ ഉണ്ടെന്നാണ് സൂചനകൾ. സാമ്പത്തിക ത‌ട്ടിപ്പ് കേസിൽ ആറ്, ഏഴ് പ്രതികളായാണ് ഇവരെ ഉൾപ്പെ‌ടുത്തിയിരിക്കുന്നത്. 

ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതിയിലാണ് (പ്രത്യേക കോടതി) അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. കേസിലെ അഞ്ചാം പ്രതിയും റോയി ഡാനിയേലിന്റെ മകളുമായി ഡോ. റിയയുടെ പേരിൽ രണ്ട് ജാമ്യാപേക്ഷകൾ കൂടി സമർപ്പിച്ചു. റിയ ഒഴികെയുളള മറ്റ് നാല് പ്രതികളും ചേർന്ന് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നവംബർ 10 ന് പരി​ഗണിക്കും. ഇവരുടെ റിമാൻഡ് കാലാവധി കോടതി നീട്ടുകയും ചെയ്തു.